News
ആരോ ഒരാള്‍ പിന്നില്‍ നിന്ന് കളിച്ചിട്ടുണ്ട്, തന്റെ അറസ്റ്റിന് പിന്നില്‍ സല്‍മാന്‍ ഖാനല്ല; പരസ്യമായി മാപ്പ് ചോദിച്ച് കമാല്‍ ആര്‍ ഖാന്‍
ആരോ ഒരാള്‍ പിന്നില്‍ നിന്ന് കളിച്ചിട്ടുണ്ട്, തന്റെ അറസ്റ്റിന് പിന്നില്‍ സല്‍മാന്‍ ഖാനല്ല; പരസ്യമായി മാപ്പ് ചോദിച്ച് കമാല്‍ ആര്‍ ഖാന്‍
ഇടയ്ക്കിടെ വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം പിടിക്കാറുള്ള വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. നേരത്ത് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് കെ.ആര്‍.കെ അറസ്റ്റിലായത്. പിന്നാലെ സല്‍മാന്‍ ഖാന്‍ ആണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് പറഞ്ഞ് കമാല്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ അറസ്റ്റിന് പിന്നില്‍ സല്‍മാന്‍ ഖാനല്ല എന്നു പറഞ്ഞ് നടനോട് മാപ്പുചോദിച്ചിരിക്കുകയാണ് കമാല്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് കെആര്‍കെ സല്‍മാന്‍ ഖാനോട് പരസ്യമായി മാപ്പുചോദിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനല്ല തന്റെ അറസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് താന്‍ കരുതുന്നതെന്ന് എല്ലാ മാധ്യമസുഹൃത്തുക്കളോടും അറിയിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ആരോ ഒരാള്‍ പിന്നില്‍ നിന്ന് കളിച്ചിട്ടുണ്ട്. സല്‍മാനെ തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു. തന്റെ പ്രസ്താവനകള്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു. സല്‍മാന്‍ ഖാന്റെ ചിത്രങ്ങളുടെ റിവ്യൂ ഇനി എഴുതില്ല എന്നും കമാല്‍ ഖാന്‍ എഴുതി.
കരണ്‍ ജോഹറിന്റെ പേരും കെ.ആര്‍.കെയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. കരണ്‍ ജോഹറാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് ഇപ്പോഴും പലരും ചിന്തിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹവുമല്ല തന്റെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കമാല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആഗസ്റ്റ് 30ന് മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കമാലിന്റെ ആദ്യ അറസ്റ്റ്.
മാലാഡ് പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്തരിച്ച നടന്മാരായ ഇര്‍ഫാന്‍ ഖാനേയും റിഷി കപൂറിനേയും കുറിച്ച് 2020ല്‍ നടത്തിയ മോശം പരാമര്‍ശങ്ങളാണ് ഇതിന് കാരണം. പോലീസ് ഇയാള്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുകയും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഫിറ്റ്‌നസ് ട്രെയിനറോട് മോശമായി പെരുമാറിയ സംഭവത്തില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലും കമാല്‍ ആര്‍ ഖാന്‍ അറസ്റ്റിലായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ നാലിന് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.
