featured
ആ പേരിൽ എന്താണ് പ്രശ്‌നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി
ആ പേരിൽ എന്താണ് പ്രശ്‌നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്.
സിനിമയിലാകട്ടെ, പ്രായപൂർത്തിയായവർ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
ഇപ്പോഴിതാ സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജെഎസ്കെ’ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) കാണാൻ തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായാണ് ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി എൻ നഗരേഷ് വ്യക്തമാക്കുന്നത്.
അതേസമയം സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിലപാട്. ഇതുപ്രകാരം സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
