എനിക്ക് ജോബി ചേട്ടന്റെ കൂടെ പോകുന്നതിന് ഒരു നാണക്കേടും ഇല്ല,ആരെങ്കിലും ഞങ്ങളെ കുറിച്ച് മോശം പറഞ്ഞാല്‍ ഞങ്ങള്‍ കുറച്ചുകൂടി റൊമാന്റിക് ആയി നടന്നു കാണിക്കും; സൂസൻ പറയുന്നു
ജോബി എന്ന കലാകാരനെ മലയാളിക്ക് മറക്കാനാകില്ല. ഉയരക്കുറവിനെ തന്റെ കഴിവ് കൊണ്ട് മറികടന്നു സിനിമകളിലൂടേയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരെ രസിപ്പിച്ച കലാകാരൻ.. നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലുമെല്ലാം അഭിനയിച്ചിട്ടുള്ള ജോബി സ്റ്റേജ് പരിപാടികളിലുമെല്ലാം സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ജോബിയുടെ ഭാര്യ സൂസനും താരമായി മാറിയിരിക്കുകയാണ്.
സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയുടെ വിജയികളാണ് ജോബിയും ഭാര്യ സൂസനും. ഇപ്പോഴിതാ സൂസനെ തേടിയും അഭിനയിക്കാനുള്ള അവസരങ്ങളെത്തുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയായ ജോബിയും ഭാര്യയും ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട പങ്കാളികളായി മാറുകയായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജോബിയും സൂസനും മനസ് തുറക്കുകയാണ്.
മിസിസ് ഹിറ്റ്ലര്‍ പരമ്പരയില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യാനുള്ള അവസരമാണ് സൂസനെ തേടിയെത്തിയിരിക്കുന്നത്. സീ കേരളത്തിലെ ജനപ്രീയ പരമ്പരയാണ് മിസിസ് ഹിറ്റ്ലര്‍. ഉയരം കുറഞ്ഞ ജോബിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളെ നേരിട്ടത് എങ്ങനെയാണെന്ന് സൂസന് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
എനിക്ക് ജോബി ചേട്ടന്റെ കൂടെ പോകുന്നതിന് ഒരു നാണക്കേടും തോന്നിയിട്ടില്ല. ആരെങ്കിലും ഞങ്ങളെ കുറിച്ച് മോശം പറഞ്ഞാല്‍ അവരുടെ മുന്‍പിലൂടെ ഞങ്ങള്‍ കുറച്ചുകൂടി റൊമാന്റിക് ആയി നടന്നു കാണിക്കും എന്നാണ് സൂസന് പറയുന്നത്. സൂസനെ എനിക്ക് കിട്ടിയതും ഈ ജീവിതം ഇത്ര സുന്ദരമായതും കല കാരണമാണെന്ന് പറയുന്ന ജോബി കല തന്നെയാണ് ജീവിതമെന്നും പറയുന്നുണ്ട്.
മത്സര ബുദ്ധിയോടെയല്ല ഒരു മനസ്സോടെയാണ് ഞങ്ങള്‍ ഷോയിലേക്ക് വന്നതെന്നാണ് താരങ്ങള്‍ പറയുന്നത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു അനൂപായിരുന്നു ജോബിയും സൂസനുമായി ഇന്റര്‍വ്യു നടത്തിയതും. ഒരിക്കലും പ്രതീക്ഷിക്കാതെയാണീ ഷോയിലേക്ക് എത്തുന്നത്. അടുക്കളയില്‍ നിന്നും ഞാന്‍ ഇത്ര വലിയ ഒരു പ്ലാറ്റ് ഫോമില്‍ എത്തുമെന്നോ, അതിന്റെ ടൈറ്റില്‍ വിന്നര്‍ ആകുമെന്നോ പ്രതീക്ഷിച്ചില്ല എന്നാണ് തന്റെ നേട്ടത്തെക്കുറിച്ച് സൂസന് പറയുന്നത്.
ഷോയില്‍ വച്ച് സേവ് ദി ഡേറ്റ് രംഗങ്ങള്‍ ഒക്കെ റീക്രിയേറ്റ് ചെയ്യും എന്നൊന്നും ഓര്‍ത്തിട്ടില്ല. ഒരിക്കലും മറക്കാന്‍ ആകില്ല ആ നിമിഷങ്ങള്‍ ചെറുമക്കളുമായി പങ്കിടാന്‍ പറ്റിയ ഓര്‍മ്മകള്‍ ആണ് അതൊക്കെയെന്നാണ് സൂസന് പറയുന്നത്. ഈ വിജയം സൂസന് ആണ് നേടിയെടുത്തത്. ഞാന്‍ ഒരുപാട് പാഠം, ഷോയില്‍ നിന്നും സൂസനില്‍ നിന്നും പഠിച്ചുവെന്നാണ് ജോബി പറയുന്നത്. വിന്നറായ ശേഷം ഇത് സൂസന്റെ വിജയമാണെന്നാണ് ജോബി പറഞ്ഞതെന്ന് അനൂപും ഓര്‍ക്കുന്നുണ്ട്.
അഭിനേത്രി എന്ന നിലയില്‍ പേടി ഒഴിവാക്കണം, ധൈര്യത്തോടെ മുന്പോട്ട് പോകുക എന്നാണ് എനിക്ക് സൂസനോട് പറയാന്‍ ഉളളതെന്നും അഭിനേത്രിയാകാന്‍ ഒരുങ്ങി നില്ക്കുന്ന ഭാര്യയോട് ജോബി പറയുന്നുണ്ട്. മുമ്പ് സ്റ്റേജില്‍ കയറിയിട്ടില്ലാതിരുന്ന തനിക്കിന്ന് ഇനിയും സ്റ്റേജ് വേണമെന്ന തോന്നലാണെന്നും സൂസന് പറയുന്നുണ്ട്. മകനെക്കുറിച്ചും ജോബിയും സൂസനും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ഞങ്ങളുടെ മൂത്ത മകന് ആണ് ഞങ്ങള്‍ ഷോയില്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും വീട്ടില്‍ നോക്കിയത്. എന്നെ എന്റെ അച്ഛന് നോക്കിയപോലെ ഇപ്പോള്‍ കൊണ്ടുനടക്കുന്നത് എന്റെ മോന് ആണ് എന്നാണ് ജോബി പറയുന്നത്. എല്ലായിടത്തും കൊണ്ടു പോകുന്നതും മടി പിടിച്ചിരിക്കുമ്പോള്‍ ചെയ്യെന്നൊക്കെ പറഞ്ഞ് ചെയ്യിപ്പിക്കുന്നതും മകനാണെന്നാണ് ജോബി പറയുന്നത്.
തന്റെ സഹപാഠിയായിരുന്നു റസൂല്‍ പൂക്കുട്ടിയെന്നും ജോബി അഭിമുഖത്തിനിടെ ഓർക്കുന്നുണ്ട്. ഒരു പരിപാടിക്കിടെ തന്നെ കണ്ട റസൂല്‍ പൂക്കൂട്ടി വേദിയില്‍ നിന്നും തന്നെ തേടി വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മെയ് മാസം താന്‍ ജോലിയില്‍ നിന്നും വിരമിക്കുമെന്നും താരം പറയുന്നുണ്ട്.
