Hollywood
ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി
ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി
പ്രശസ്ത ഹോളിവുഡ് താരജോഡികളായ ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടയില്‍ ഇരുവരും താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങിയിരിക്കുകയാണ്.
പുതിയ വീടിനുള്ള തിരച്ചിലിലാണ് ബെന്‍ അഫ്ലെക് എന്നാണ് പേജ് സിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഭാര്യയായ ജെന്നിഫര്‍ ഗാര്‍നറിന്റെ വീടിന് അടുത്തേക്കാണ് ബെന്‍ താമസം മാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ജെന്നീഫര്‍ ലോപസ് വീട് നോക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോപ്പര്‍ട്ടിയായാണ് താരം വീട് നോക്കുന്നതെന്നും താമസം മാറുന്നതിനു വേണ്ടിയല്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ജെന്നിഫര്‍ ലോപ്പസ് തന്റെ സംഗീത രംഗത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ആരംഭിച്ചത് എന്നാണ് വിവരം. എന്നാല്‍ പിരിയുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ ഇരുവരും ഇതുവരെ എടുത്തിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തെറാപ്പി തേടുകയാണ് ദമ്പതികള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തിടെയാണ് ഇരുവരും പുതിയ ഭവനം വാങ്ങിയത് വാര്‍ത്തയായത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ 500 കോടിക്ക് അടുത്ത് വിലവരുന്ന ബംഗ്ലാവാണ് ഇവര്‍ വാങ്ങിയത്.
മെറ്റ് ഗാലയില്‍ ജെന്നിഫര്‍ ലോപസ് ഒറ്റയ്ക്ക് പങ്കെടുത്തതിന് പിന്നാലെയാണ് ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 2001 ല്‍ സിനിമാ സെറ്റില്‍ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നുവെങ്കിലും 2004 ല്‍ ഇരുവരും പിരിഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. ആ ബന്ധങ്ങളില്‍ കുട്ടികളുമുണ്ടായി. പിന്നീട് 2021 ലാണ് വീണ്ടും ജെന്നിഫറും അഫ്ലെകും ഒന്നിക്കുന്നത്. 2022ല്‍ ഇവര്‍ വിവാഹിതരായി.
