News
മാസങ്ങള്‍ക്ക് ശേഷം വീണ്ടും വേദിയിലെത്തി ബോംബെ ജയശ്രീ
മാസങ്ങള്‍ക്ക് ശേഷം വീണ്ടും വേദിയിലെത്തി ബോംബെ ജയശ്രീ
നിരവധി ആരാധകരുള്ള സംഗീതജ്ഞയാണ് ബോംബെ ജയശ്രീ. കര്‍ണാടകസിനിമാ ഗാനങ്ങളിലൂടെ ഭാഷയ്ക്കതീതമായി തന്റെ സംഗീതത്തെ എത്തിക്കാന്‍ കഴിഞ്ഞ കലാകാരി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു കച്ചേരിയ്ക്കായുള്ള യാത്രയ്ക്കിടെ അസുഖം ബാധിച്ച് ഏറെ നാളുകളായി വേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അവര്‍. ചികിത്സ ഫലപ്രദമായി നടക്കുന്നു എന്നും പാട്ടിലേക്ക് അവര്‍ എത്രയും പെട്ടെന്ന് തന്നെ മടങ്ങി വരുമെന്നും അവര്‍ കുടുംബാംഗങ്ങള്‍ മുഖേന ആരാധകരെ അറിയിച്ചിരുന്നു.
അതിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ചെന്നൈയില്‍ നിന്നും വരുന്നത്. മാസങ്ങള്‍ക്ക് ശേഷം ബോംബെ ജയശ്രീ ഒരു വേദിയില്‍ എത്തിയതിന്റെ വാര്‍ത്തയാണ് അത്. മദ്രാസ് മ്യൂസിക് അക്കാദമി എല്ലാ വര്‍ഷവും നല്‍കി വരുന്ന സംഗീത കലാനിധി പുരസ്‌കാരം ഏറ്റുവാങ്ങാനായാണ് ബോംബെ ജയശ്രീ എത്തിയത്. ചെന്നൈയില്‍ മ്യൂസിക് അക്കാദമിയില്‍ മാര്‍ഗഴി സംഗീതോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍ക്കും ഈയവസരത്തില്‍ തുടക്കമായി.
സംഗീതത്തിലെ മഹാരഥന്മാര്‍ മുതല്‍ തുടക്കക്കാര്‍ വരെ മാറ്റുരയ്ക്കുന്ന മദ്രാസ് മ്യൂസിക് ഫെസ്റ്റിവലില്‍ ഇത്തവണ ബോംബെ ജയശ്രീ പാടുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സഭകളുടെ കച്ചേരി ലിസ്റ്റില്‍ ജയശ്രീയുടെ പേര് ലിസ്റ്റ് ചെയ്തിട്ടില്ല. അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അതിനെക്കുറിച്ച് തീരുമാനം ഉണ്ടാവുക എന്ന് കരുതപ്പെടുന്നു.
2023 മാര്‍ച്ച് മാസം ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീതപരിപാടിയില്‍ പങ്കെടുക്കാനായി അവിടെ എത്തിയ ബോംബെ ജയശ്രീയെ, ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായി അവരെ അവിടെത്തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിയ അവര്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
