Actress
പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു, ആന്റണീ…നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി; ജഗദീഷ് പളനിസാമി
പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു, ആന്റണീ…നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി; ജഗദീഷ് പളനിസാമി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തി സുരേഷിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇക്കഴിഞ്ഞ ഡിസംബർ 12 നായിരുന്നു നടിയുടെ വിവാഹം. ഗോവയിൽ വച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് ആദ്യം കീർത്തി പങ്കുവെച്ചത്. പിന്നീട് ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
മൊബൈൽ ഫോണിനും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല. വളരെ വൈകിയാണ് ചിത്രങ്ങൾ ഓരോന്നായി സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്നത്. സാക്ഷാൽ ദളപതി വിജയ് നേരിട്ടെത്തി കീർത്തിയെയും ആന്റണിയെയും അനുഗ്രഹിച്ചതും അവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
അതുപോലെ തന്നെ ഇപ്പോഴിതാ ജഗദീഷ് പളനിസാമിക്ക് ഒപ്പം നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഒപ്പം മനോഹരമായ ഒരു കുറിപ്പും ജഗദീഷ് പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവും നടൻ വിജയുടെ പേർസണൽ സെക്രട്ടറിയുമായ ജഗദീഷ് പളനിസ്വാമിയുമായി കീർത്തിയ്ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അത്തരത്തിൽ കീർത്തിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ജഗദീഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
2015ൽ പരസ്പരം ഏറെ വെറുത്തിരുന്നവർ ആയിരുന്നു ഞങ്ങൾ. എന്നാൽ, അതിനു ശേഷം ഏറ്റവും മികച്ച സഹോദരബന്ധം സൃഷ്‌ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നീ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറി. പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നേക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ എന്ന് സംശയമാണ്.
പത്തു വർഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു. കീർത്തിയെ പോലെ ഒരു കുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നയാൾ ഭാഗ്യവാനായിരിക്കും എന്ന് ഞാൻ പലപ്പോഴും മനസിലാക്കിയിരുന്നു. പക്ഷെ, ആന്റണി, സഹോദരാ… നിന്നെ അറിയാൻ തുടങ്ങിയതിൽ പിന്നെ, നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി എന്ന് ഞാൻ മനസിലാക്കുന്നു.
ഈ കൂളിംഗ് ഗ്ലാസ് വെച്ചത് എന്റെ ആനന്ദാശ്രുക്കൾ മറച്ചു പിടിക്കാനാണ് എന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ആന്റണിയ്ക്കും കീർത്തിയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ജഗദീഷ് പളനിസാമിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ജഗദീഷ് നിലവിൽ കീർത്തിയുടെയും മാനേജരാണ്, മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. ഇറോഡ് മഹേഷ്, എ.ആർ. മുരുഗദോസ്, ജി.വി. പ്രകാശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് ചുവടുവച്ച വ്യക്തിയാണ് ജഗദീഷ് പളനിസാമി. 2015ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം സിനിമാ ലോകത്ത് സജീവമാണ്.
അതേസമയം, 15 വർഷത്തെ പരിചയമാണ് ആന്റണിയെയും കീർത്തിയെയും ഒന്നിപ്പിച്ചത്. കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്.
കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം. ആസ്പിറോസ് വിൻഡോ സെല്യൂഷൻസ് എന്ന സ്ഥാപനം ആന്റണിയുടേതായാണെന്നാണ് വിവരം. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
