ആദ്യമൊക്കെ നല്ല ടെന്‍ഷനായിരുന്നു,തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തെറ്റായിപോകുമോ, ആളുകള്‍ എന്ത് വിചാരിക്കും എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു ; ഇന്ദുലേഖ
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഇന്ദുലേഖ. ഏതാണ്ട് എഴുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള നടി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ദൂരദർശൻ കാലം മുതൽ തന്നെ ഏറെ പരിചിതമായ മുഖങ്ങളിൽ ഒന്നാണ്. 25 വർഷത്തോളമായി താരം അഭിനയ മേഖലയിൽ സജീവമായിട്ട്.. വില്ലത്തിയായും നായികയായും അമ്മ വേഷങ്ങളിലുമെല്ലാം തിളങ്ങിയിട്ടുള്ള താരം ഇതുവരെ എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നർത്തകി കൂടിയാണ് താരം. അഭിനയത്തിനും നൃത്തത്തിനും പുറമെ എഴുത്തിന്റെ ലോകത്തും ഇന്ദുലേഖ തിളങ്ങി.
ഭർത്താവിന്റെ മരണമുൾപ്പടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം ഇപ്പോൾ. അതിനിടെ കൗമുദി മൂവീസിന്റെ ഡേ വിത്ത് സ്റ്റാർ പരിപാടിയിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. പ്രണയ വിവാഹത്തെ കുറിച്ചും സിംഗിൾ മദറായുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ഇന്ദുലേഖ മനസുതുറക്കുന്നുണ്ട്.
അഭിനയത്തിനൊപ്പം ഇപ്പോൾ ട്രാന്സ്ലേഷന് ജോലികളിലും സജീവമാണ് ഇന്ദുലേഖ. 6 വര്‍ഷമായി സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്ന് ഇന്ദുലേഖ പറയുന്നു. ബാങ്കിലെ ജോലി വിട്ടിട്ട് ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് അങ്ങനെയൊരു അവസരം വരുന്നത്. ഹിന്ദി സീരിയല്‍ മൊഴിമാറ്റം ചെയ്യാനാണ് അവര്‍ പറഞ്ഞത്. നോക്കാമെന്ന് പറഞ്ഞ് ചെയ്ത് തുടങ്ങി. അത് ഹിറ്റായതോടെ കൂടുതല്‍ വര്‍ക്കുകള്‍ ലഭിച്ചു ഇന്ദുലേഖ പറയുന്നു.
ഇപ്പോൾ അഭിനയം, ഡാന്‍സ്, എഴുത്ത് എന്നീ മേഖലകളിലായി സജീവമാണ്. മൂന്ന് ഡിഗ്രിയുണ്ട്. നാലാമത്തെ ഡിഗ്രി ചെയ്യുന്നു. എപ്പോഴും എന്‍ഗേജ്ഡ് ആയിരിക്കാൻ വേണ്ടിയാണ് ഓരോന്ന് ചെയ്യുന്നത്. ഒരു കാര്യം ചെയ്യുമ്പോള്‍ അതിലായിരിക്കും കൂടുതല്‍ ശ്രദ്ധ. ഇടയ്ക്ക് യോഗ ചെയ്തിരുന്നു. ഇപ്പോൾ ജിമ്മില്‍ പോവുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളൊക്കെ വന്നതുകൊണ്ട് ഇപ്പോള്‍ ഡയറ്റൊക്കെ നോക്കുന്നുണ്ട്. ഹെല്ത്തിയായിരിക്കാനുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടെന്നും ഇന്ദുലേഖ പറഞ്ഞു.
ഇടക്കാലത്ത് ബാങ്ക് ജോലിയിൽ പ്രവേശിച്ചിട്ട് അത് വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണവും ഇന്ദുലേഖ വിശദീകരിച്ചു. വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഏത് ജോലിയും ചെയ്യാമല്ലോ. അഭിനയം മാത്രമായി നില്‍ക്കാതെ ബാങ്ക് ജോലിയും ചെയ്ത് തുടങ്ങിയത് അങ്ങനെയാണ്. ആ സമയത്ത് എംബിഎയും ചെയ്തും. പിന്നീട് തനിക്ക് പറ്റിയ പണിയല്ല അതെന്ന് തോന്നിയപ്പോഴാണ് അത് വേണ്ടെന്ന് വച്ചത്. എങ്ങനെയൊക്കെ പോയാലും കല തന്നെയാണ് തനിക്ക് പറഞ്ഞിട്ടുള്ളതെന്ന് മനസിലായെന്ന് ഇന്ദുലേഖ പറയുന്നു.
തുടർന്ന് തന്റെ ഒളിച്ചോട്ട വിവാഹത്തെ കുറിച്ചും നടി സംസാരിച്ചു. ‘ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അദ്ദേഹം സംവിധായകനായിരുന്നു. ലൊക്കേഷനിലെ പരിചയമാണ് വിവാഹത്തിലെത്തിയത്. വിവാഹവാർത്ത വന്നപ്പോൾ പലരും ഞെട്ടി. അതൊരു പാവം കുട്ടിയല്ലേ എന്നാണ് പലരും ചോദിച്ചത്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് ഒന്നിക്കുകയായിരുന്നു ഞങ്ങള്‍’, നടി പറഞ്ഞു.
ഒരു മകളാണ് താരത്തിനുള്ളത്. മകളിപ്പോള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. അവള്‍ക്ക് അതിരാവിലെ ട്യൂഷന് പോവണം. പാട്ടും ഡാന്‍സും വയലിനുമൊക്കെ പഠിച്ചിട്ടുണ്ട് അവള്. ഇപ്പോള്‍ അവള്‍ക്കൊന്നിനും സമയമില്ല. അഭിനയം അവള്‍ക്കത്ര താല്പര്യമുള്ള കാര്യമല്ല. പഠിച്ച് ഡോക്ടറാവാനാണ് ആഗ്രഹമെന്ന് ഇന്ദുലേഖ പറഞ്ഞു.
സിംഗിള്‍ പേരന്റിംഗ് ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു. ആദ്യമൊക്കെ നല്ല ടെന്‍ഷനായിരുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തെറ്റായിപോകുമോ, ആളുകള്‍ എന്ത് വിചാരിക്കും എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. അവരെ നോക്കിയിട്ട് കാര്യമില്ലെന്ന് ഒരു ഘട്ടമെത്തിയപ്പോള്‍ മനസിലായി. മോള് നല്ല സപ്പോര്‍ട്ടീവാണ്. അവളെ ബോധിപ്പിക്കേണ്ട ആവശ്യമേയുള്ളൂ.
ഇതൊന്നും പ്രഡിക്റ്റ് ചെയത്ലല്ലോ, പെട്ടെന്ന് സപ്പോര്‍ട്ട് സിസ്റ്റം നഷ്ടമായപ്പോള്‍ നമ്മള് അതനുസരിച്ച് നീങ്ങുകയായിരുന്നു. മനക്കരുത്തുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും നമുക്ക് നേരിടാനാവുമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. പെൺ കരുത്തിന്റെ പ്രതീകമായാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നതെന്നും ഇന്ദുലേഖ അഭിമുഖത്തിൽ പറഞ്ഞു.
