News
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ശിഖര്‍ ധവാന്‍; ഹുമ ഖുറേഷിയും സൊനാക്ഷി സിന്‍ഹയും നായികമാര്‍
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ശിഖര്‍ ധവാന്‍; ഹുമ ഖുറേഷിയും സൊനാക്ഷി സിന്‍ഹയും നായികമാര്‍
നിരവധി ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ശിഖര്‍ ധവാന്‍. സത്‌റാം രമണി സംവിധാനം ചെയ്യുന്ന ‘ഡബിള്‍ എക്‌സ്എല്‍’ എന്ന ചിത്രത്തിലാണ് ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ഹുമ ഖുറേഷി, സൊനാക്ഷി സിന്‍ഹ എന്നിവരാണ് നായികമാര്‍. നവംബര്‍ 4 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ‘ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
അമിത ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ‘ഡബിള്‍ എക്‌സ്എലി’ലൂടെ പറയുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. കോമഡി ഡ്രാമ വിഭാഗത്തിലുള്ള സിനിമയില്‍ ശിഖര്‍ ധവാനും ഹുമ ഖുറേഷിയും നൃത്തം ചെയ്യുന്ന ഒരു സ്റ്റില്ലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജ്ശ്രീ ത്രിവേദി എന്ന ദില്ലിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അവതാരകയുടെ വേഷമാണ് ഹുമ ഖുറേഷി ചെയ്യുന്നത്. ഫാഷന്‍ ഡിസൈനറായി സൊനാക്ഷിയും എത്തുന്നു. സിനിമയുടെ കഥ തന്നെ സ്വാധീനിച്ചുവെന്നും ഈ ചിത്രത്തിന്റെ കഥ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ധവാന്‍ പറഞ്ഞു.
‘രാജ്യത്തിനുവേണ്ടി കളിക്കുന്ന ഒരു അത്‌ലറ്റ് എന്ന നിലയില്‍ ജീവിതം എപ്പോഴും തിരക്ക് നിറഞ്ഞതാണ്. രസിപ്പിക്കുന്ന സിനിമകള്‍ കാണുക എന്നതാണ് എന്റെ പ്രിയപ്പെട്ട ഹോബികളില്‍ ഒന്ന്. അനേകം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ ചിത്രം സ്വാധീനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’എന്നും ശിഖര്‍ ധവാന്‍ പറഞ്ഞു.
