News
നിയമനടപടിയ്ക്ക് ഒരുങ്ങി ഹിഗ്വിറ്റയുടെ നിര്‍മ്മാതാക്കള്‍
നിയമനടപടിയ്ക്ക് ഒരുങ്ങി ഹിഗ്വിറ്റയുടെ നിര്‍മ്മാതാക്കള്‍
ഹിഗ്വിറ്റ സിനിമയുടെ നിര്‍മ്മാതാക്കള്‍ നിയമനടപടിയ്ക്ക് തയ്യാറെടുക്കുന്നതായി വിവരം. ചിത്രത്തിന്റെ പേര് വിവാദത്തില്‍ ഫിലിം ചേമ്പറിന്റെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് വന്നതോടെയാണ് കോടതിയെ സമീപിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്. 2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സിനിമയുടെ സെന്‍സര്‍ഷിപ്പിന് ചേമ്ബറിന്റെ ഭാഗത്ത് നിന്നും തടസം ഉണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നല്‍കുന്നതിനെ ഫിലിം ചേമ്ബര്‍ വിലക്കിയിരുന്നു.
എന്‍എസ് മാധവന്റെ ചെറുകഥയുടെ പേരാണ് ഇത് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമയ്ക്ക് നല്‍കിയത് എന്നാണ് വിലക്കിന്റെ കാരണമായി ഫിലിം ചേംബര്‍ പറഞ്ഞത്.
അനേകം തലമുറകള്‍ അവരുടെ സ്കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ് എന്നാണ് എന്‍ എസ് മാധവന് ട്വിറ്ററില്‍ അന്ന് കുറിച്ചത്.
