എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്, ഞാന്‍ എന്തിനാണ് അത് വേറെ ആളെ ബോധ്യപ്പെടുത്തണം ; ഹണി റോസ്
വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി : മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്. ഹണിയുടെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഉദ്ഘാടനങ്ങളിലെ താരമാണ് ഹണി റോസ്. താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ബോഡി ഷെയ്മിംഗുമൊക്കെ നേരിടുന്ന താരം കൂടിയാണ് ഹണി റോസ്.
ഇപ്പോഴിതാ ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ ട്രോളുകളെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഹണി റോസ്. എഴുപത്തിയഞ്ച് ശതമാനം ട്രോളുകളും എന്നെ ബാധിക്കാറില്ല. ഞാന്‍ ഒന്നിനേയും സീരിയസായി എടുക്കുന്ന ആളല്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ ഏറ്റുവാങ്ങുന്നത് അതിനും ഇച്ചിരി മുകളിലുള്ളതാണെന്നാണ് ഹണി റോസ് പറയുന്നത്.
അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. തുടക്കത്തില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആദ്യം കരുതി പരാതികൊടുക്കാം, ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല എന്ന്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്ന് പറയുന്നത് തന്നെ വാര്‍ത്ത ക്രിയേറ്റ് ചെയ്യപ്പെടുന്ന ഇടമാണ്. ഒരു പരാതി കൊടുത്താല്‍ പിന്നെ ഞാന്‍ പരാതി കൊടുത്ത് പരാതികൊടുത്ത് മുടിയും എന്നാണ് തോന്നുന്നത്. പിന്നെ അതിന്റെ പുറതെ ദിവസവും നടക്കേണ്ടി വരും. ഇതിനെയൊന്നും സീരിയസായി എടുക്കാറില്ലെന്നും താരം പറയുന്നു.
ഈ പറയുന്ന കല്ലേറ് നടക്കുന്ന സോഷ്യല്‍ മീഡിയ നമ്മളുടെ ഫോണിലുള്ളതാണ്. അതില്‍ എന്തിനാണ് വിഷമിക്കുന്നത്. ആ ഫോണ്‍ അങ്ങ് മാറ്റി വച്ചാല്‍ പോരെ എന്നാണ് ഹണി റോസ് പറയുന്നത്. ശരീരത്തെ കാഴ്ചവെക്കുന്നു, ശരീരം പ്രദര്‍ശന വസ്തുവാക്കുന്നു എന്നൊക്കെ പറയുന്നവരോടും എന്താണ് പറയാനുള്ളതെന്നും ഹണി റോസ് പറയുന്നുണ്ട്.അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്, അച്ഛന് ഒട്ടുമില്ല. അമ്മയാണ് ഇവര്‍ പറഞ്ഞത് കണ്ടോ എന്ന് പറഞ്ഞ് വരിക. പ്രതികരിക്കണം എന്നൊക്കെ പറയാറുള്ളത് അമ്മയാണ്. ഇപ്പോള്‍ അമ്മയ്ക്കും ശീലമായി. നമ്മള് പ്രതികരിക്കാന്‍ പോയാല്‍ അത് പിന്നെ വലിയൊരു വാര്‍ത്തയാകുമെന്നാണ് താരത്തിന്റെ അഭിപ്രായം. പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങളോടും ഹണി റോസ് പ്രതികരിക്കുന്നുണ്ട്.
എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തിനാണ് അത് വേറെ ആളെ ബോധ്യപ്പെടുത്തുന്നത്. ഞാന്‍ കള്ളുകുടിച്ചോ കഞ്ചാവ് അടിച്ചോ ശരീരം നശിപ്പിക്കുന്നില്ല. നന്നായി മെയ്ന്റെയ്ന്‍ ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. പഴയതിലും നന്നായിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുമുണ്ട്. അത് നല്ലൊരു കാര്യമല്ലേ മോശം കാര്യമല്ലല്ലോ എന്നാണ് ഹണി ചോദിക്കുന്നത്.
മോണ്സ്റ്റാര് ആണ് ഹണി റോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. പൂക്കാലത്തിലെ അതിഥി വേഷത്തിലാണ് താരത്തെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്. ഈയ്യടുത്ത് വീര സിംഹ റെഡ്ഡിയിലൂടെ തെലുങ്കിലേക്കും ഹണി റോസ് തിരിച്ചെത്തിയിരുന്നു. ടൈറ്റില്‍ റോളിലെത്തുന്ന റേച്ചല്‍ ആണ് ഹണി റോസിന്റെ പുതിയ സിനിമ.
