News
ഹിഗ്വിറ്റ’ എൻ എസ് മാധവന്റെ മാത്രം സ്വന്തമല്ല, പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടണം; പ്രതികരണവുമായി ബെന്യാമിൻ
ഹിഗ്വിറ്റ’ എൻ എസ് മാധവന്റെ മാത്രം സ്വന്തമല്ല, പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടണം; പ്രതികരണവുമായി ബെന്യാമിൻ
‘ ഹിഗ്വിറ്റ’ സിനിമയുടെ പേര് വിലക്കിയ സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹിഗ്വിറ്റ എന്ന പേര് വിലക്കിയതിന് ശേഷം, എന്‍.എസ് മാധവനില്‍ നിന്നും അനുമതി വാങ്ങാനാണ് ഫിലിം ചേംബറിന്റെ നിര്‍ദേശം.
സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. ‘ഹിഗ്വിറ്റ’ എൻ എസ് മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ലെന്നും ബെന്യാമിൻ പറയുന്നു.
സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്ന് പറഞ്ഞ ബെന്യാമിൻ, ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ടെന്നും കുറിക്കുന്നു. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും ബെന്യാമിൻ പറഞ്ഞു.
ബെന്യാമിന്റെ വാക്കുകൾ ഇങ്ങനെ
ഹിഗ്വിറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. ഇതിന് പിന്നാലെയാണ് എന്‍.എസ് മാധവന് രംഗത്തെത്തിയത്. തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഖകരമാണെന്ന് എന്‍.എസ് മാധവന് ട്വീറ്റ് ചെയ്തത്. എന്നാല്‍ സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നും പേര് മാറ്റില്ലെന്നും സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ പേരാണ് ‘ഹിഗ്വിറ്റ’.
