”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു; ഹരീഷ് പേരടി
സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സന്തോഷമാണ് നടന് ഹരീഷ് പേരടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആറ് മാസമായി താന്‍ ഷൂട്ടില്‍ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാലും ഒന്നിച്ചുള്ള ഷൂട്ടിംഗ് കഴിഞ്ഞുവെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു… ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കണ് ചിമ്മിയപ്പോള്‍.. ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…”
”ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങള്‍ എന്ന മനുഷ്യരെയും ഒന്നും വേര്‍തിരിക്കാന്‍ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂര്‍ത്തം …ലാലേട്ടാ…” എന്നാണ് ഫെയ്സ്ബുക്കില്‍ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.
അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.
