Malayalam
മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ!
മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ!
By
തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഹാളില്‍ സ്വരതേജസിന്റെ സംഗീത നിശ. കെ എസ് ചിത്രയാണ് മുഖ്യ ഗായിക. പാടാനുള്ള തന്റെ ഊഴം എത്തിയപ്പോള്‍ സ്റ്റേജിന്റെ പടവുകള്‍ കയറി ചിത്ര നേരെ നടന്നുചെന്നത്, ഹാര്‍മോണിയവുമായി വേദിയുടെ ഓരത്ത് ഒതുങ്ങിയിരുന്ന നരച്ച താടിക്കാരനു മുന്നിലേക്ക്. കാലുകള്‍ തൊട്ട് വണങ്ങി അനുഗ്രഹത്തിനായി മുന്നില്‍ തലകുനിച്ച് നിന്ന വാനമ്പാടിയെ അത്ഭുതത്തോടെ, അതിലേറെ വാത്സല്യത്തോടെ നോക്കിയിരുന്നു വേണുഗോപാലന്‍ നായര്‍ എന്ന് പേരുള്ള 72 വയസ്സുകാരനായ ആ ഹാര്‍മോണിസ്റ്റ് .
പഴയൊരു കാലം പുനര്‍ജനിച്ചിരിക്കണം ആ നിമിഷം വേണുഗോപാലന്റെ ഓര്‍മയില്‍ തിറ്റാണ്ടുകള്‍ മുന്‍പത്തെ ഒരു ഒക്ടോബര്‍ രാത്രി. കൈതമുക്കിലെ പുന്നപുരം ക്ഷേത്രാങ്കണത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, മൈക്കിലേക്ക് ഹൃദയം തുറന്നു പാടുന്ന പത്തു വയസ്സുകാരി. തൊട്ടടുത്ത് എക്കോഡിയന്റെ മെലഡി ബട്ടണുകളിലൂടെ ചടുലമായി വിരലുകളോടിച്ചു വേണുഗോപാലന്‍ നായര്‍. പാടുന്നതിനിടെ, വിചിത്രരൂപിയായ ഉപകരണം വായിക്കുന്ന അങ്കിളിന്റെ’ മുഖത്തേക്ക് ഇടയ്ക്കിടെ ആകാംക്ഷയോടെ തല ചെരിച്ചു നോക്കും കൊച്ചു ഗായിക; പ്രോത്സാഹസൂചകമായ ഒരു ചിരിയ്ക്കു വേണ്ടി. എത്ര വലിയ ഗായികയായി തീര്‍ന്നാലും എന്റെ മനസ്സിലെ കെ എസ് ചിത്രയ്ക്ക് അന്നത്തെ പത്തുവയസ്സുകാരിയുടെ നിഷ്കളങ്ക ഭാവം തന്നെ ഇന്നും,” — വേണുഗോപാലന്‍ നായര്‍ പറയുന്നു.
ആദ്യമായി വലിയൊരു സദസ്സിനു മുന്നില്‍ പാടുന്നതിന്റെ പരിഭ്രമം മുഴുവന്‍ ഉണ്ടായിരുന്നു ആ മുഖത്ത്. പക്ഷെ ആലാപനത്തിലെ പെര്‍ഫക്ഷന്റെ കാര്യത്തില്‍ അന്നും വിട്ടുവീഴ്ച്ചയില്ല ചിത്രയ്ക്ക്; ശ്രുതിശുദ്ധിയുടെയും..”
ചിത്രയുടെ ആദ്യ സ്റ്റേജ് പരിപാടിയായിരുന്നു അത്. കൂടെ പാടുന്നത് ചേച്ചി കെ എസ് ബീന. 1974 ലെ ആ ഗാനമേളയുടെ മങ്ങിയ ഓര്‍മ്മകളേ അന്നത്തെ കൊച്ചു പാട്ടുകാരിയുടെ മനസ്സില്‍ അവശേഷിക്കുന്നുള്ളൂ. പക്ഷെ വേണുഗോപാലന്‍ നായര്‍ ആ സായാഹ്നം എങ്ങനെ മറക്കാന്‍? അറിഞ്ഞുകൊണ്ടല്ലെങ്കിലും ഐതിഹാസികമായ ഒരു സംഗീത യാത്രയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നല്ലോ അദ്ദേഹം. രണ്ടു തലമുറകള്‍ക്ക് വേദിയില്‍ അകമ്പടി സേവിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അന്ന് ഞാന്‍.
”മുന്‍പ് പലവട്ടം ചിത്രയുടെ അച്ഛന് കരമന കൃഷ്ണന് നായരുടെ ഗാനമേളകളില്‍ ഹാര്‍മോണിയവും എക്കോഡിയനും വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന പാട്ടുകാരനാണ് അന്നു കൃഷ്ണന് നായര്‍. വേണ്ടാ വിഷാദം വേണ്ടാത്ത ഭാരം ഒന്ന് ചിരിക്കൂ” എന്ന പാട്ടായിരുന്നു സ്റ്റേജില്‍ അക്കാലത്ത് കൃഷ്ണന് നായരുടെ ഹിറ്റുകളില്‍ ഒന്ന്. പിന്നെ ദേഖ് കബീരാ രോയാ’ എന്ന ഹിന്ദി ചിത്രത്തില്‍ മന്നാഡേ പാടിയ കോന്‍ ആയാ മേരെ മന് കെ ദ്വാരേ” എന്ന പാട്ടും. 1977 ല്‍ വെങ്ങാനൂര്‍ സ്കൂളില്‍ നടന്ന ഒരു പരിപാടിയില്‍ അച്ഛന്റെയും രണ്ട് മക്കളുടെയും പാട്ടുകള്‍ക്ക് അകമ്പടി സേവിക്കാന്‍ കഴിഞ്ഞതായിരുന്നു ആദ്യകാലത്ത് എനിക്ക് വീണു കിട്ടിയ ഭാഗ്യങ്ങളില്‍ ഒന്ന്.” — കേരളത്തിലെ തലമുതിര്‍ന്ന എക്കോഡിയന്‍ വാദകരില്‍ ഒരാളായ വേണുഗോപാല്‍ നായര്‍ ഓര്‍ക്കുന്നു.
happy birthday k chithra
