സത്യൻ പോലും നായികയാക്കാൻ ആഗ്രഹിച്ചു ; ചെമ്മീനിലെ നായിക വേഷം മഞ്ജുവിന്റെ മുത്തശ്ശി അന്ന് വേണ്ടെന്ന് വെച്ചത് !
മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയറിന്റെ പ്രായം ചെന്ന ആരാധികയെ ആരും മറക്കാനിടയില്ല. പറഞ്ഞു വരുന്നത് രണ്ട് വർഷം മുന്നേ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആ മുത്തിശ്ശിയെ കുറിച്ചാണ് . റാബിയ മുത്തശ്ശി . രണ്ട് വര്‍ഷം മുൻപ് കോഴിക്കോട്ട് ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മഞ്ജുവിനെ ഈ മുത്തശ്ശി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. നിറകണ്ണുമായിട്ടായിരുന്നു എൺപത്തിരണ്ടുകാരിയായ മുത്തശ്ശി അന്ന്മഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്. അതോടെ അവർ വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് , പിന്നീട് ആദി സംവിധാനം ചെയ്ത ‘പന്ത്’ സിനിമയില്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന മുത്തശ്ശിയായി അഭിനയിച്ചു. ‘ഗപ്പി’യുടെ സംവിധായകന് ജോണ്‍പോള്‍ ജോര്‍ജിന്റെ ‘അമ്പിളി’ സിനിമയിലും വേഷമിട്ടു.
എന്നാൽ , റാബിയ മുത്തശ്ശിയെ കുറിച്ച് പറയാൻ കുറച്ചു കാര്യങ്ങൾകൂടിയുണ്ട് . മറ്റാരും അറിയാത്ത കാര്യങ്ങൾ . മലയാള സിനിമയിൽ പ്രണയ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയെ അവതരിപ്പിച്ചത് ഷീലാമ്മയാണ്. എന്നാൽ ആ കഥാപാത്രം ആദ്യം തേടിയെത്തിയത് റാബിയ മുത്തശ്ശിയെയാണ് .
ചെമ്മീനിലെ കറുത്തമ്മയാകാനുള്ള ക്ഷണം വന്നപ്പോള്‍ അന്ന് മുത്തശ്ശി നിരസിച്ചു, സിനിമാഭിനയം ശരിയാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത് . പാട്ടുകാരിയായും നാടകനടിയായും ശ്രദ്ധേയയായ സമയത്താണ് അന്ന് റാബിയ മുത്തശ്ശിയെ തേടി കറുത്തമ്മയുടെ വേഷമെത്തിയത്.
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നാടകത്തില്‍ കുഞ്ഞിപ്പാത്തുമ്മയായി നിറഞ്ഞത് ‘രമണി’യെന്ന സുന്ദരിയായിരുന്നു. കെ.പി. ഉമ്മറായിരുന്നു നായകന്. നാടകം ആസ്വദിച്ചവരില്‍ മലയാള സിനിമയിലെ രണ്ട് പ്രശസ്തരുമുണ്ടായിരുന്നു, രാമു കാര്യാട്ടും സത്യനും. മനസ്സറിഞ്ഞ് അഭിനന്ദിച്ചതോടൊപ്പം കുഞ്ഞിപ്പാത്തുവിനോട് അവര്‍ മറ്റൊരു കാര്യം കൂടി ചോദിച്ചു, ”ചെമ്മീന്‍ സിനിമയിലേക്ക് ഒരു നായികയെ തേടുന്നുണ്ട്, ഞങ്ങളുടെ കറുത്തമ്മയായിക്കൂടെയെന്ന്”. പക്ഷേ അവര്‍ക്കതിന് സമ്മതമായിരുന്നില്ല, ”സിനിമയൊന്നും ശരിയാവൂല്ല, തൊട്ടഭിനയിക്കാനൊന്നും പറ്റൂല്ല. അതുകൊണ്ടാ രമണിയെന്ന പേരില്‍ അഭിനയിക്കുന്നത്” എന്ന മറുപടിയായിരുന്നു റാബിയ അവര്‍ക്ക് നല്‍കിയത്. പിന്നീട് നിലമ്പൂര്‍ ആയിഷയ്ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ച അവര്‍ ഒരു നാടകം കൂടി ചെയ്ത് അഭിനയം മതിയാക്കി.
എന്നാല്‍ പ്രായം എണ്‍പതിലെത്തിയപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ഒരുകാലത്ത് വേണ്ടെന്നു വെച്ച ഇഷ്ടത്തെ അങ്ങനെ അവസാനം കൂടെക്കൂട്ടി മുത്തശ്ശി . സിനിമയെ എന്നും ഇഷ്ടപ്പെട്ടിരുന്നു അവര്‍.
ആകാശവാണിയാണ് അവരുടെ സ്വരത്തിനെ വളര്‍ത്തിയത്. ബി.ഇ.എം സ്കൂളില്‍ പഠിക്കുമ്പോള്‍ 12ാം വയസ്സില്‍ ബാലലോകത്തിലൂടെ ആകാശവാണിയിലെത്തി. പി.വി.കൃഷ്ണമൂര്‍ത്തി അസി.സ്റ്റേഷന് ഡയരക്ടറായിരുന്നപ്പോള്‍ 17 വയസ്സ് പിന്നിട്ട ബീഗം റാബിയ സ്റ്റാഫായി. ‘നിങ്ങള്‍ കേരളത്തിലെ ലതാ മങ്കേഷ്കര്‍ ആവുമെന്ന്’ അദ്ദേഹം ആശംസിച്ചത് അവര്‍ക്ക് വലിയ അംഗീകാരമായിരുന്നു.
കണ്ണൂര്‍ റോഡ് കെ.ടി.സിക്ക് സമീപമുള്ള വീട്ടിലെ ചെറിയ മുറിയില്‍ റേഡിയോ ഇല്ലാതെ റാബിയയെ കാണാനേ കഴിയില്ലായിരുന്നു. പാട്ടുപെട്ടിയില്‍നിന്നുള്ള പാട്ടിനൊപ്പം അവരുടെ ചുണ്ടിലും കണ്ണിലും ചിരിപൂക്കും, മനസ്സുനിറഞ്ഞ് സംഗീതം ഒഴുകിക്കൊണ്ടേയിരിക്കും.
നാടകത്തിനും മറ്റും പാട്ടെഴുതിയിരുന്ന ഭര്‍ത്താവ് ഷേക്ക് മുഹമ്മദ് റാബിയ മുത്തശ്ശിയെ എന്നും പ്രോത്സാഹിപ്പിച്ചു. ഇടയ്ക്ക് ബാബുരാജ് സിനിമയില്‍ പാടാന്‍ വിളിച്ചെങ്കിലും അതും വേണ്ടെന്നുവെച്ചു. ആകാശവാണിയിലെ സ്ഥിരംജോലി മതിയാക്കിയെങ്കിലും നാടന്‍പാട്ടുകളും നാടകത്തിന് ശബ്ദം നല്‍കലുമെല്ലാമായി സജീവമായിരുന്നു റാബിയ.
grandma-manju-chemmeen-
