Hollywood
‘ഹോളിവുഡിന് ഇത് ഇരുണ്ടദിനം’; നടി ഗ്ലൈനിസ് ജോണ്‍സ് നൂറാം വയസില്‍ നിര്യാതയായി
‘ഹോളിവുഡിന് ഇത് ഇരുണ്ടദിനം’; നടി ഗ്ലൈനിസ് ജോണ്‍സ് നൂറാം വയസില്‍ നിര്യാതയായി
പ്രശസ്ത ബ്രിട്ടീഷ് നടി ഗ്ലൈനിസ് ജോണ്‍സ് അന്തരിച്ചു. നൂറാം വയസിലാണ് അന്ത്യം. വ്യാഴാഴ്ചയാണ് മരണം നടന്നതെന്ന് നടിയുടെ മാനേജര്‍ മിച്ച് ക്ലെം സ്ഥിരീകരിച്ചു. ഹോളിവുഡിന് ഇത് ഇരുണ്ടദിനം എന്നാണ് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. 1964ല്‍ പുറത്തിറങ്ങിയ മേരി പോപ്പിന്‍സ് എന്ന ചിത്രത്തിലെ വിനിഫ്രെഡ് ബാങ്ക്സ് എന്ന കഥാപാത്രമാണ് ഗ്ലൈനിസ് ജോണ്‍സിനെ അതിപ്രശസ്തയാക്കിയത്.
അവരുടെ വെളിച്ചം 100 വര്‍ഷക്കാലം നീണ്ടുനിന്നു. അവരുടെ വേര്‍പാടില്‍ മാത്രമല്ല, ഹോളിവുഡിന്റെ സുവര്‍ണ കാലഘട്ടം അവസാനിച്ചു എന്നതില്‍ക്കൂടിയാണ് ഈയവസരത്തില്‍ കണ്ണുനീര് പൊഴിക്കുന്നതെന്ന് മിച്ച് ക്ലം പ്രസ്താവനയില്‍ പറഞ്ഞു.
പേരക്കുട്ടി തോമസ് ഫോര്വുഡിനും അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ക്കുമൊപ്പമാണ് നടി കഴിഞ്ഞിരുന്നത്. യു.കെയില്‍ പിതാവും നടനുമായ മെര്വിന് ജോണ്‍സിന്റെ സെമിത്തേരിയോടു ചേര്‍ന്നായിരിക്കും ഗ്ലൈനിസിനും അന്ത്യവിശ്രമം നല്‍കുക എന്നാണ് വിവരം.
60 വര്‍ഷം നീണ്ടുനിന്ന സിനിമാജീവിതമായിരുന്നു ഗ്ലൈനിസിന്റേത്. 1923ഒക്ടോബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയിലായിരുന്നു നടിയുടെ ജനനം. 1948ല്‍ മത്സ്യകന്യകയായ മിറാന്‍ഡയുടെ വേഷമിട്ടതോടെയാണ് ഗൈനിസിന്റെ ജീവിതം മാറിമറിഞ്ഞത്. 1960ല്‍ ദ സണ്ഡൗണേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്കര് പുരസ്കാരത്തിനും അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ബാറ്റ്മാന്, ഗ്ലൈനിസ് എന്നീ ടെലിവിഷന്‍ ഷോകളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈല് യു വേര് സ്ലീപ്പിങ്, സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളിലായിരുന്നു അവസാനം അഭിനയിച്ചത്. ഇതിനുശേഷം അഭിനയജീവിതം അവസാനിപ്പിച്ച അവര്‍ ഹോളിവുഡിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
