News
മുല്ലപ്പെരിയാർ തകരുമെന്ന തരത്തിലുള്ള പരാമർശങ്ങൾ നീക്കണം; എമ്പുരാനെതിരെ തമിഴ് നാട്ടിലും പ്രതിഷേധം
മുല്ലപ്പെരിയാർ തകരുമെന്ന തരത്തിലുള്ള പരാമർശങ്ങൾ നീക്കണം; എമ്പുരാനെതിരെ തമിഴ് നാട്ടിലും പ്രതിഷേധം
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. സംഘപരിവാറിന്റെ വിമർശനങ്ങൾക്കൊടുവിൽ എഡിറ്റ് ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ എമ്പുരാനെതിരെ തമിഴ്നാട്ടിലെ സംഘടനകളും രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
തേനി ജില്ലയിലെ കർഷകസംഘമാണ് സിനിമക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ നാം തമിഴർ കക്ഷിനേതാവും മുൻ സിനിമ സംവിധായകനുമായ സീമാനും രംഗത്തെത്തി.
അണക്കെട്ട് തകരുമെന്ന തരത്തിലുള്ള പരാമർശങ്ങൾ സിനിമയിലുള്ളത് നീക്കിയില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇതിൻറെ മുന്നോടിയായി മധുര ജില്ലയിലെ ഉശിലംപെട്ടിയിൽ കർഷകസംഘം കഴിഞ്ഞ ദിവസം സിനിമക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, ബോക്സ് ഓഫീസ് കളക്ഷനിൽ ചരിത്രം രചിച്ച് എമ്പുരാൻ മുന്നേറുകയാണ്. ഇന്ത്യയിൽ റിലീസ് ചെയ്ത് ആദ്യ ആഴ്ച ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച 2025ലെ സിനിമയായി എമ്പുരാൻ മാറി. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ചിത്രം മൂന്നാം സ്ഥാനത്തെത്തി.
ഏകദേശം 165 കോടി രൂപ (19 മില്യൺ ഡോളർ) ആണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ഡിസ്നിയുടെ സ്നോ വൈറ്റ്, ജേസൺ സ്റ്റാത്തത്തിന്റെ വർക്കിങ് മാൻ എന്നിവയ്ക്ക് തൊട്ടുപിന്നിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് എമ്പുരാൻ. റീ സെൻസറിങ് വിവാദത്തിന് പിന്നാലെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്.
അവധി ദിവസമായ ഞായറാഴ്ച മാത്രം 10 കോടിക്ക് മുകളിലാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 14 കോടി രൂപയാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്. പ്രദർശനം ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു.
