Malayalam
എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ
എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ. സിനിമ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ അഡ്വാൻസ് ബുക്ക് ചെയ്ത നിരവധി പേർ ടിക്കറ്റുകൾ ക്യാൻസൽ ചെയ്തതായാണ് ബോക്സ് ഓഫീസ് ട്രേഡ് റിപ്പോർട്ടുകൾ.
അമിതമായ പ്രതീക്ഷ കൂടാതെ ഉള്ളടക്കത്തിലെ രാഷ്ട്രീയമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതാണ് ചിത്രത്തിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി. മുംബൈയിലെ ചില യൂട്യൂബ് ചാനലുകളും ചിത്രത്തെ അടച്ചാക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. 6 മില്യൺ സബ്സ്ക്രൈബർമാരുള്ള വൈറൽ ബോളിവുഡ് എന്ന യൂട്യൂബ് ചാനലാണ് തീയേറ്റർ പ്രതികരണം എന്ന പേരിൽ എമ്പുരാനെ ഡീഗ്രേഡ് ചെയ്തിരിക്കുന്നത്.
അതെ സമയം എമ്പുരാൻ ആദ്യ ദിനം 13 കോടിയിലധികം കളക്ഷൻ നേടിയതായാണ് പ്രാരംഭ കണക്കുകൾ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ലോകമെമ്പാടും 80 കോടി രൂപ നേടി. ട്രേഡ് ട്രാക്കർ സാക്നിൽക്കിന്റെ ആദ്യകാല കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 13 കോടി രൂപ മറികടന്നു.
കേരളത്തിന് പുറത്ത്, എംപുരാൻ മുംബൈയിൽ 220 ഷോകളിലായി 23% ഒക്യുപെൻസി മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം ഡൽഹി എൻസിആറിൽ 160 ഷോകളിലായി 25% ഒക്യുപെൻസി രേഖപ്പെടുത്തി. ചിത്രത്തിൻ്റെ മൊത്തത്തിലുള്ള കന്നഡ ഒക്യുപൻസി 10.05% ആണ്, ബെംഗളൂരുവും ശിവമോഗയും ഏറ്റവും ഉയർന്നത് 11% ആണ്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം.
