Movies
പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍!
പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്.
അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബനായിരുന്നു പുഷ്പ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും എഡിറ്റര്‍. എന്നാല്‍ പുഷ്പ 2 വില്‍നിന്ന് ആന്റണി റൂബന്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം നീണ്ടുപോകുന്നതിനാല്‍ മറ്റു സിനിമകളുടെ ഡേറ്റുമായി ഉണ്ടാവുന്ന പ്രശ്‌നമാണ് സിനിമയില്‍നിന്ന് പിന്മാറാനുള്ള കാരണം.
ആന്റണി റൂബന് പകരം നവീന്‍ നൂലി പുതിയ എഡിറ്ററായി എത്തുമെന്നും പ്രമുഖ തെലുങ്ക് ചലച്ചിത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭാഗത്തിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റെ നിര്‍മാണവേളയിലും ഉണ്ടായിരുന്നത്.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക.
അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത്.
