Social Media
കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ
കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിയയുടെ പ്രസവ വീഡിയോയാണ് വൈറലാകുന്നതും ചർച്ചയാകുന്നതും.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ലെന്നും ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കട്ടെയെന്നും ഷിംന അസീസ് പറയുന്നു. ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്. ഡോക്ടർമാർക്കിടയിൽ ‘ഗൈനക്കോളജി ഒരു ചോരക്കളിയാണ്’ എന്നർത്ഥം വരുന്നൊരു ചൊല്ല് തന്നെയുണ്ട്. ചോരയും സ്രവങ്ങളുമൊന്നും ക്യാമറക്ക് മുന്നിലേക്ക് കൊണ്ട് വരാതെ, സുന്ദരിയായി ഒരുങ്ങി പുതപ്പുകൾക്കുള്ളിൽ അശ്വിന്റെ കൈ പിടിച്ച് കിടന്ന്, പങ്കാളിയുടെ തലോടലേറ്റ് അമ്മയോട് ‘എനിക്ക് പേടിയാകുന്നമ്മാ’ എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്, സഹോദരിമാർക്കിടയിലെ സുരക്ഷ അനുഭവിച്ച് നിലവാരമുള്ള മെഡിക്കൽ സൂപ്പർവിഷനിൽ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്.
അത് കാണുന്ന വലിയൊരു വിഭാഗം പുച്ഛിസ്റ്റ് പുരുഷന്മാർ പുറമേ അംഗീകരിച്ചില്ലെങ്കിലും തലക്കകത്ത് പുനർവിചിന്തനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെണ്ണ് കടന്നു പോകുന്ന അതിതീവ്രവേദനയും അവൾ അർഹിക്കുന്ന കരുതലുമെല്ലാം നാല് പുസ്തകം വായിച്ചാൽ കിട്ടാത്തത്രയും ആഴത്തിൽ ആ മിനിട്ടുകൾ നീളമുള്ള വിഡിയോയിലുണ്ട്. കുറ്റം പറയാൻ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ…ചില കാര്യങ്ങളെ കുറിച്ച് ചിലർക്ക് വെളിവ് വരാൻ ചാൻസുണ്ട്.
വല്ലാത്തൊരു കൂട്ടായ്മ തന്നെയാണ് ആ കുടുംബം. കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കട്ടെ. പറയേണ്ടവർ പറയട്ടെ. ഇരുട്ടറയിൽ പേടിച്ചരണ്ട് ജീവൻ പോകുന്ന വേദനയും സഹിച്ച് പലപ്പോഴും തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഒറ്റപ്പെട്ട് വിയർത്തു നൊന്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്‌നേഹത്തിന്റെ ചൂടുള്ള അനുഭവം.
ഫൈനൽ എംബിബിഎസിന്റെ ഗൈനക്കോളജി പോസ്റ്റിംഗിനിടക്ക് തന്നെ കൂട്ടുകാരോടൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറി ചിരിച്ചു കളിച്ചു ടേബിളിൽ കിടന്ന് ഡിപ്പാർട്‌മെന്റ് ഹെഡ് സിസേറിയൻ ചെയ്ത ഒരു മനസ്സിന് കുളിരുള്ള അനുഭവം ഇവിടെയുമുണ്ട്. ഒരു തരി ആധിയോ ആശങ്കയോ പേരിന് പോലും ഉണ്ടായിരുന്നില്ല.
മറുവശത്ത്, മെഡിസിന് ചേരും മുന്നേയുള്ള ആദ്യപ്രസവത്തിൽ, ഇരുപത്തിരണ്ടാം വയസ്സിൽ, പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ വേദന സഹിച്ച് കിടക്കേണ്ടി വന്നു. പ്രസവം പുരോഗമിക്കാനുള്ള രീതിയിലല്ല കുഞ്ഞിന്റെ തലയും എന്റെ ഇടുപ്പും തമ്മിലുള്ള അനുപാതമെന്ന കാരണത്താൽ സിസേറിയൻ വേണ്ടി വന്നേക്കാമെന്ന സൂചന ഡോക്ടർ മുൻകൂട്ടി പറഞ്ഞിരുന്നു. വളരെ ദയയുള്ള ഒരു സ്ത്രീയായിരുന്നു അവർ. അന്ന് പോകെപ്പോകെ കുഞ്ഞിന്റെ അനക്കം കുറയുന്നത് പോലെ തോന്നി എമർജൻസി സിസേറിയനിൽ കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു.
ലേബർ റൂമിൽ കിടക്കുമ്പോൾ ഡോക്ടർ ഓപി തിരക്കുകളിലായിരുന്ന നേരത്ത് മനുഷ്യപറ്റില്ലാത്ത സിസ്റ്റർമാരുടെ ചീത്തവിളി കേട്ട് മനസ്സ് തളർന്നു പോയിട്ടുണ്ടന്ന്. അതൊന്നും ഓർക്കാൻ പോലും താൽപര്യമില്ല. ആ സ്റ്റാഫിനെതിരെ അന്ന് പരാതി എഴുതി അയച്ചിരുന്നു. ഹോസ്പിറ്റൽ അന്ന് ആ സ്റ്റാഫിനെതിരെ നടപടി എടുത്തിരുന്നതായും അറിയാം. രണ്ട് രീതിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള നേരനുഭവമുണ്ട്.
ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്. ഇനിയിമൊരുപാട് പെൺകുട്ടികൾക്ക് ആശ്വാസത്തോടെ ആ വേദനയറിയാൻ അവർ കാരണമാകട്ടെ. പതിറ്റാണ്ടുകൾക്ക് ശേഷം ആ കുടുംബത്തിലേക്ക് പിറന്നു വീണ ആണൊരുത്തൻ നിയോമിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ… ദിയയ്ക്കും കുടുംബത്തിനും നന്മകൾ വർഷിക്കട്ടെ. ജീവിതത്തിലെ നിറങ്ങൾ ലോകം അറിയുക തന്നെ ചെയ്യട്ടെ.
സ്‌നേഹം,
ഡോ. ഷിംന അസീസ്
