Connect with us

പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നു!

Malayalam Breaking News

പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നു!

പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നു!

പ്രേം നസീറിന്റെ 31-ാം ചരമവാര്‍ഷികത്തില്‍ ഓർമകൾ പങ്കുവച്ച് സംവിധായകൻ എം.എ. നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഓർമ്മകൾ പങ്കുവെച്ചത് .ജാതിക്കും മതത്തിനുമതീതനായിരുന്നു പ്രേം നസീർ ..പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു ? ഈ ചോദ്യം എന്റേതു മാത്രമല്ലായിരുന്നു,സിനിമയേ സ്നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അതവശേഷിക്കുന്നുവെന്ന് നിഷാദ് പറയുന്നു

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

നായകൻ, അങ്ങനെയാണ് എന്നും പ്രേം നസീറിനെ വിശേഷിപ്പിക്കുന്നത്..അത് ശരിയുമാണ്, അദ്ദേഹം നായകൻ തന്നെയാണ് വെളളിത്തിരയിലും ജീവിതത്തിലും. എന്റെ പിതാവിന്റെ സുഹൃത്തും ബന്ധുവും എന്നതിലുമുപരി പ്രേം നസീർ എനിക്കെന്നും ഒരു വിസ്മയമാണ്…ഞാനാദ്യം നേരിട്ട് കാണുന്ന സിനിമാ താരം/നടൻ…അദ്ദേഹത്തെ കണ്ട ആ ദിവസം ഒരിക്കലും മായാത്ത ഒരു ദീപ്തമായ ഓർമ്മയായി ഇന്നും എന്റ്റെ മനസ്സിലുണ്ട്…

എന്തൊരു ചൈതന്യമായിരുന്നു അദ്ദേഹത്തിന്, റോസാപ്പൂവീന്റെ നിറം, പുഞ്ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന, താര ജാഡകളില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ,എല്ലാവരേയും ഒരുപോലെ കാണുന്ന പ്രേം നസീർ….അദ്ദേഹത്തിന്റെ അത്രയും സൗന്ദര്യമുളള (ബാഹ്യവും ആന്തരികവും) ഒരു നടനും ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല..അതൊരു യുഗ പിറവിയാണ്…പ്രേം നസീർ എന്ന വ്യക്തിയേ പറ്റി അദ്ദേഹത്തിന്റെ നന്മകളെ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്…നിർമാതാക്കളെയും,സഹ താരങ്ങളേയും,ദുരിതമനുഭവിക്കുന്ന സാധാരണക്കാരേയുമൊക്കെ സഹായിച്ചിരുന്ന പ്രേം നസീറിനെ…

ജാതിക്കും മതത്തിനുമതീതനായിരുന്നു അദ്ദേഹം..ശാർക്കര ക്ഷേത്രത്തിൽ ആനയേ സംഭാവന ചെയ്ത അബ്ദുൾ ഖാദർ എന്ന പ്രേംനസീറിനെതിരെ ആരും തിട്ടൂരം ഇറക്കിയില്ല…ആ കാലത്തെ പ്രേംനസീർ കാലം എന്ന് വിളിക്കാൻ ഞാനാഗ്രഹിക്കുന്നു..അതായിരുന്നു നമ്മുടെ നാട്,അങ്ങനെയായിരുന്നു നമ്മുടെ നാട്…ഹിന്ദുവും, മുസൽമാനും,ക്രിസ്ത്യാനിയും ഒരു കുടക്കീഴിൽ അണിനിരന്ന പ്രേംനസീർ കാലം…

ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനമാണ്..പ്രേംനസീർ എന്ന വ്യക്തിയെ പറ്റി ആർക്കും ഒരെതിരഭിപ്രായവുമുണ്ടാകില്ല, എന്നാൽ അദ്ദേഹത്തിലെ നടനെ വിമർശിക്കുന്നവരുണ്ടാകും….എന്നാൽ പ്രേംനസീർ ഒരു മികച്ച നടനാണ് ….അതാണ് എന്റെ അഭിപ്രായം …അതിനെനിക്ക് എന്രേതായ കാരണങ്ങളുമുണ്ട്…മരം ചുറ്റി പ്രേമിച്ച് നടക്കുന്ന പ്രേംനസീറിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരുടെ നെറ്റി ചുളിയുമെന്നെനിക്കറിയാം,അദ്ദേഹത്തിലെ നടനെ കണ്ടെത്തിയവരിൽ പ്രതിഭാധനരായ കലാകാരന്മാരുണ്ടെന്ന വസ്തുത നാം മറക്കാൻ പാടില്ല…പി. ഭാസ്ക്കരൻ,എം.ടി. വാസുദേവൻ നായർ തുടങ്ങി ഭരതേട്ടനും ലെനിൻ സാറുമുൾപ്പടെയുളളവർ അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞവരാണ്…

ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ,അസുരവിത്തിലെ ഗോവിന്ദൻ കുട്ടി,അടിമകളിലെ പൊട്ടൻ രാഘവൻ,പടയോട്ടത്തിലെ തമ്പി,കാര്യം നിസ്സാരത്തിലെ റിട്ട.ജഡ്ജി,വിട പറയും മുമ്പേയിലെ കാർക്കശ്യക്കാരനായ ഓഫിസർ,ഭരതേട്ടന്റെ ഒഴിവ് കാലത്തെ കഥാപാത്രം മുതൽ അവസാനം അഭിനയിച്ച ധ്വനി യിലെ ജഡ്ജിയായി സ്ക്രീനിൽ എത്തിയ കഥാപാത്രങ്ങളിലൊന്നും നമ്മുക്ക് പ്രേം നസീറിനെ കാണാൻ കഴിയില്ല…ആ കഥാപാത്രങ്ങളൊക്കെയായി പ്രേംനസീറെന്ന നടൻ മാറുകയായിരുന്നു….

സ്വഭാവികാഭിനയം നസീറിന് വഴങ്ങില്ല എന്ന് പുച്ഛത്തോടെ വിമർശിച്ചിരുന്നവരുടെ നാവടക്കുന്ന പ്രകടനമായിരുന്നു ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം കാഴ്ച്ചവെച്ചത്…

നസീറെന്ന നടനേയും നസീറെന്ന മനുഷ്യസ്നേഹിയേയും ചലച്ചിത്ര ലോകം മറക്കാൻ പാടില്ല…അത് നന്ദികേടാകും…അദ്ദേഹത്തോടുളള അനാദരവും…ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തിൽ അക്കാഡമിയുടെ നേതൃത്വത്തിൽ ഒരു പുസ്തക സ്റ്റാളുണ്ടായിരുന്നു,പ്രേംനസീറൊഴിച്ചുളള മൺമറഞ്ഞ ഒട്ടുമിക്ക കലാകാരന്മാരേയും കുറിച്ചുളള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു…പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു ? ഈ ചോദ്യം എന്റേതു മാത്രമല്ലായിരുന്നു,സിനിമയേ സ്നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അതവശേഷിക്കുന്നു…

രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച പ്രേംനസീർ എന്ന അതുല്യ കലാകാരന് അർഹതപ്പെട്ട ആദരവ് നാം നൽകിയേ പറ്റു…സിനിമ എന്ന മായാലോകത്തെ,നന്ദി കേടിന്റ്റെ കാഴ്ച്ചയായി അതവശേഷിക്കാതിരിക്കട്ടെ…പ്രേംനസീറിന്റെ ഈ ഓർമ്മ ദിനത്തിൽ…ഒരു പ്രേംനസീർ കാലത്തിനായി ആഗ്രഹിക്കുന്നു…അതൊരു ആഗ്രഹം മാത്രമാണെന്ന് അറിയാമെങ്കിലും…

director m nishad

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top