നാദിര്‍ഷയും ഒരു കാലത്ത് വിക്കനായിരുന്നു, ദിലീപ് പറയുന്നു…
മലയാള ചലച്ചിത്ര ലോകത്തെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. ദിലീപ്നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ വിക്കനും സമര്ത്ഥനുമായ ഒരു വക്കീലായാണ് ദിലീപ് എത്തിയിരുന്നത്. എന്നാല്‍ ആരെയും പരിഹസിക്കുന്ന രീതിയിലല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനെ പറ്റി സംസാരിക്കവേയാണ് തന്റെ ഉറ്റ സുഹൃത്തായിരുന്ന നാദിര്ഷയ്ക്ക് ഒരു കാലത്ത് വിക്കുണ്ടായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തിയത്.
നാദിര്ഷയ്ക്ക് എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പാട്ടു പാടുമ്പോള്‍ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാന്‍ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെടുകയാണെങ്കില് കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നതെന്നും ദിലീപ് വ്യക്തമാക്കി.
ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നുവെന്നും ഇവന്‍ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും ദിലീപ് വ്യക്തമാക്കി. തുടര്ന്നാണ് തനിക്ക് അതു മനസ്സിലായത്. പക്ഷേ നിങ്ങള്‍ നോക്കൂ, ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്ക് ഇല്ല. അവന്‍ ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തതാണ് അതെന്നും അവന്‍ ഇപ്പോള്‍ എവിടെയെത്തി എന്നും ദിലീപ് ചൂണ്ടിക്കാട്ടി.
സംവിധാനം പഠിക്കാന്‍ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരന്‍, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരന്‍. ദിലീപ് നാദിര്ഷയെ പ്രകീര്ത്തിച്ച് പറഞ്ഞു.
Dileep talk about his friend Nadirsha.
