Malayalam
കരിയർ തുടങ്ങിയ കാലത്തേ മാനറിസങ്ങളും കോപ്രായങ്ങളും മിമിക്രിയും കൊണ്ടൊന്നും ഇന്നത്തെ മലയാള സിനിമയിൽ ഒന്നും നടക്കില്ല. ഇപ്പൊ പുതിയ പിള്ളേരുടെ കാലമാണ്; വൈറലായി കുറിപ്പ്
കരിയർ തുടങ്ങിയ കാലത്തേ മാനറിസങ്ങളും കോപ്രായങ്ങളും മിമിക്രിയും കൊണ്ടൊന്നും ഇന്നത്തെ മലയാള സിനിമയിൽ ഒന്നും നടക്കില്ല. ഇപ്പൊ പുതിയ പിള്ളേരുടെ കാലമാണ്; വൈറലായി കുറിപ്പ്
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷൻ ആണ് ഇപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. പൃഥ്വിരാജിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയർന്ന് വരുന്നത്. ഈ വേളയിൽ പൃഥ്വിരാജിനെ കുറിച്ചും മലയാള സിനിമ ലോകത്ത് ദിലീപിന് നഷ്ടമായ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
ദിലീപിനെ അവസരം ലഭിച്ചപ്പോൾ പൃഥ്വിരാജ് ഒതുക്കുകയായിരുന്നുവെന്ന തരത്തിലാണ് ആരോപണങ്ങൾ. എന്നാൽ അത്തരത്തിൽ ഏതെങ്കിലും ഒരു നീക്കം കാരണം അല്ല ദിലീപിനും അദ്ദേഹത്തിന്റെ സിനിമകൾക്കും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയാത്തതെന്നാണ് ഡോ. ആർകെ തിരൂർ എന്ന സിനിമാ പ്രേമി അഭിപ്രായപ്പെടുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നടൻ ദിലീപിനെ ഡീഗ്രേഡ് ചെയ്യുന്നു, വ്യാജവാർത്ത ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഈയിടെ കുറെ പോസ്റ്റുകൾ കാണുന്നുണ്ട്. എമ്പുരാൻ റിലീസ് ആയ ശേഷം ഒരു വിഭാഗം ആ സിനിമക്കും മോഹൻലാലിനും പൃഥ്വിരാജിനും എതിരെ നടത്തുന്ന നീക്കങ്ങളിൽ ഇടയിലൂടെ ദിലീപിനെ പൊക്കിവിടുന്ന ഒരു രീതിയും കാണുന്നുണ്ട്.
കാലവും ആസ്വാദനനിലവാരവും മാറിയതറിയാതെ, സ്വന്തം ശൈലികളിൽ മാറ്റം വരുത്താതെ വീണ്ടും പഴയ ചളികൾ പുതിയ മോഡലിൽ ഇറക്കുകയും സംവിധാനത്തിലും സ്ക്രിപ്റ്റിലും അനാവശ്യ കൈകടത്തൽ നടത്തുകയും ചെയ്തതുകൊണ്ടാണ് ദിലീപ് ഫീൽഡ് ഔട്ട് ആയത്. ഇപ്പോൾ ദിലീപ് മലയാളത്തിൽ പഴയ തിണ്ണമിടുക്കിനപ്പുറം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു നടൻ മാത്രമാണ്. എന്നിട്ടും ഡീഗ്രേഡിങ് എന്നൊക്കെ പറയുമ്പോൾ എനിക്ക് മനസിലാവാത്തത് ഒറ്റ കാര്യമാണ്.
എല്ലാ സിനിമയും വിജയിച്ച് ടോപ്പായി നിൽക്കുന്ന ഒരു നടനെ ഡീഗ്രേഡ് ചെയ്യാൻ കുറെ പേർ ശ്രമിക്കുന്നു, ചാനൽ വ്യാജവാർത്ത ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞാൽ അത് വിശ്വാസയോഗ്യമാണ്. ഇതിപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഒറ്റ ഹിറ്റ് പോലുമില്ലാത്ത, ഇറങ്ങുന്ന പടങ്ങൾ മൊത്തം പൊട്ടിപ്പാളീസാവുന്ന ഒരു നടനെ ഡീഗ്രേഡ് ചെയ്തിട്ട് ആർക്കെന്താണ് നേട്ടം ?
അതുപോലെ ദിലീപിന്റെ പഴയ ത്യാഗങ്ങളുടെയും നന്മയുടേയുമൊക്കെ പൊലിപ്പിച്ച കഥകൾ വീണ്ടും വീണ്ടും വന്നുപോകുന്നു.
പണ്ട് ദിലീപിന്റെ കുറെ സിനിമകൾ ഹിറ്റായത് സത്യം. ഞാനും അദ്ദേഹത്തിന്റെ മിക്ക സിനിമകളും തിയറ്ററിൽ പോയി കണ്ടിരുന്നു അക്കാലത്ത്. എന്റെ പഠനകാലത്ത് (1998-2004) ദിലീപ് തിളങ്ങിനിന്നപ്പോൾ വന്ന 40ലധികം സിനിമകളിൽ 30ലധികം എണ്ണവും തിയറ്ററിൽ പോയി കണ്ട ആളാണ് ഞാൻ. പിന്നെ പൾസർ സുനിയുമായി ബന്ധപ്പെട്ട ആരോപണം വരുന്നതിനു മുൻപ് തന്നെ ഒരേ ശൈലിയിലെ ചളിയും വെറുപ്പിക്കലും മാത്രമുള്ള കുറെ സിനിമകൾ വന്നപ്പോൾ ദിലീപിന്റെ സിനിമകൾ കാണുന്നത് കുറഞ്ഞു. എങ്കിൽ പോലും 2012 വരെയൊക്കെ നല്ല സിനിമകളൊക്കെ കണ്ടിരുന്നു. 2012ലെ മായാമോഹിനി തന്നെ ഹിറ്റായിരുന്നെങ്കിലും മഹാ വെറുപ്പിക്കലായാണ് എനിക്ക് ഫീൽ ചെയ്തത്. അതിനു ശേഷം വന്ന ചിലതൊക്കെ കൊള്ളാമെങ്കിലും അവയിലും സ്ഥിരം ദിലീപിനെ തന്നെയേ കാണാൻ പറ്റിയുള്ളൂ.
2013ൽ വന്ന സൗണ്ട് തോമ ആണ് ഞാൻ അവസാനം തിയറ്ററിൽ നിന്ന് കണ്ട ദിലീപ് സിനിമ. പിന്നെയങ്ങ് വില്ലാളി വീരൻ, നാടോടി മന്നൻ, ശൃങ്കാരവേലൻ, മര്യാദരാമൻ എന്നൊക്കെ പറഞ്ഞു സഹിപ്പിക്കലിന്റെ തുടർക്കഥ ആയിരുന്നു. ടിവിയിൽ വന്നപ്പോളൊക്കെ അരമണിക്കൂർ സഹിക്കാൻ വരെ പറ്റാഞ്ഞവയാണ് അവയൊക്കെ. അതിനുമൊക്കെ കുറെ കഴിഞ്ഞല്ലേ പീഡനവും കേസുമൊക്കെ ഉണ്ടായത്. 2016ൽ വന്ന കിംഗ് ലയർ പോലെ ഒരു നുണയനാണ് ദിലീപ് എന്ന് 2017 ൽ നടന്ന സംഭവത്തിലൂടെ സമൂഹത്തിൽ തോന്നലുണ്ടായതും 2016ലെ വെൽകം ടു സെൻട്രൽ ജയിൽ 2017ൽ അറം പറ്റിയതുമൊക്കെ അഭിനയ ജീവിതത്തിന്റെ ആന്റിക്‌ളൈമാക്‌സ് ആയി കണ്ടാൽ മതി.
2017ലെ ആ സംഭവത്തിനു ശേഷം ദിലീപിനെ തകർക്കാൻ നടക്കുന്നു എന്നൊക്കെയുള്ള ആരോപണം ഒരു വാ പോയ വാക്കത്തി മാത്രമാണ് എന്ന് ദിലീപിന്റെ ഇക്കാലത്തെ സിനിമകൾ കാണുന്ന ഒരു സാധാരണ സിനിമാസ്വാദകന് മനസിലാവും. അതിനും വർഷങ്ങൾക്ക് മുൻപുതന്നെ, തകരണം എന്ന വാശിയുള്ളതുപോലെ പൊട്ടപ്പടങ്ങൾ മാത്രം സെലക്റ്റ് ചെയ്ത് അഭിനയിച്ച ആൾക്ക് പീഡനക്കേസ് ഒന്നും വേണ്ട അനിവാര്യമായ പതനത്തിന്. വ്യക്തിജീവിതത്തിൽ ആരോപിക്കപ്പെടുന്ന വഴിവിട്ട നീക്കങ്ങളും ഗുണ്ടായിസവും ഒക്കെ ശരിയല്ലെന്ന് വിശ്വസിക്കേണ്ട കാര്യം ദിലീപ് ഫാൻസ് അല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന മലയാളികൾക്ക് ഇല്ലല്ലോ.
അതുകൊണ്ട് തന്നെ ദിലീപിന് തിരിച്ചുവരവ് വേണം എന്നുണ്ടെങ്കിൽ നന്മമരമാക്കലും ഇരവാദവും നിർത്തി നല്ല സിനിമ ഇറക്കുകയാണ് വേണ്ടത്. കരിയർ തുടങ്ങിയ കാലത്തേ മാനറിസങ്ങളും കോപ്രായങ്ങളും മിമിക്രിയും കൊണ്ടൊന്നും ഇന്നത്തെ മലയാള സിനിമയിൽ ഒന്നും നടക്കില്ല. ഇപ്പൊ പുതിയ പിള്ളേരുടെ കാലമാണ്. അവർ മലയാള സിനിമയെ അങ്ങ് മാറ്റിക്കളഞ്ഞു. ആ മാറ്റം ഒട്ടും ഉൾക്കൊള്ളാതെ മലയാള സിനിമയിൽ അവശേഷിക്കുന്നത് ദിലീപും ദിലീപിന്റെ എർത്തുകളും മാത്രമെന്ന് പറയാതെ വയ്യ. ദിലീപ് തന്നെയാണ് ദിലീപിന്റെ ഏറ്റവും വലിയ ശത്രു- ആർകെ തിരൂർ കുറിപ്പ് അവസാനിപ്പിക്കുന്നു.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഒരു വ്യത്യസ്തത പരീക്ഷിച്ചു വിജയിപ്പിച്ചത് സ്‌ക്രീനിൽ കാണുന്നത് ഇയ്യോബിന്റെ പുസ്തകം എന്ന മൂവിയിലാണ്. ഒരേട്ടനും കുറേ ഊളത്തരങ്ങളും ഈ എഐ യുഗത്തിലും കൊണ്ടുവരുന്നതാണ് ഒരു സിനിമ എന്ന് പറഞ്ഞാൽ അതിഷ്ടപ്പെടുന്നവർക്ക് മാത്രമാണ്. അന്നും ഇയാളെ ഞാനൊന്നും ജനപ്രിയനായി കണ്ടിട്ടില്ല. കാരണം കാമ്പും കഴമ്പും ഉള്ള ഒരു സിനിമ ഉണ്ടാക്കി മലയാള ചലച്ചിത്ര ലോകത്തിനു സമർപ്പിക്കാൻ ഇയാൾക്ക് സാധിച്ചില്ല.
വയറ്റിപ്പിഴപ്പിന് വേണ്ടി ചെയ്യുന്നതും ഏത് മേഖലയിലാണോ കൈ വെച്ചത്, അതിൽ പുതുമകൾ കൊണ്ടുവരണം എന്നാഗ്രഹിച്ചു ചെയ്യുന്നതും രണ്ടും രണ്ടാണ്. ഇന്ന് പഠിക്കാൻ പറ്റുന്ന സിനിമകൾ ധാരാളം പിറന്നു. ഉറുമി, ആടു ജീവിതം അങ്ങനെ മേക്കിങ്, പശ്ചാത്തല നിറങ്ങളുടെ ക്രമീകരണം, സംഗീതത്തിലെ പരീക്ഷണങ്ങൾ ഉദാഹരണം, ഇയ്യോബിന്റെ പുസ്തകത്തിലെ രാവേ.. എന്ന് തുടങ്ങുന്ന പാട്ടിനെ വിഷ്വലൈസ് ചെയ്തിരിക്കുന്നത് മാത്രം കണ്ടാൽ മതി ഏത് ലെവലിലാണ് മലയാളം സിനിമ എത്തി നിൽക്കുന്നതെന്ന് മനസ്സിലാക്കാൻ.
പുള്ളിയെ ആരും ഒന്നും ചെയ്തിട്ടല്ല ഇയാള് പോയി ജയിലിൽ കിടന്നത്. ഇന്നത്തെ രാജുവേട്ടൻ, ടോവിനോ, ഷെയ്ൻ നിഗം ഇവർക്കാർക്കും ഇയാളെയൊക്കെ ഒതുക്കി സിനിമ എടുക്കേണ്ട യാതൊരു കാര്യവുമില്ല. ഇയാള് എത്ര മുക്കിയാലും അവരുടെയൊന്നും നിലവാരത്തിന്റെ പത്തിലൊന്നിൽ പോലും എത്തില്ല. പിന്നെ ഇതിനെയൊക്കെ ആര് ഒതുക്കി? എന്തിനൊതുക്കി?ഒതുക്കിനൊന്നും ഒരു ഉളുപ്പില്ലേ? ഞാൻ പറയണമെന്ന് വിചാരിച്ച കാര്യമാണ് ഡോ. ആർകെ തിരൂരിന്റെ പോസ്റ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇങ്ങനെയൊന്നു ഞാനും പറയാനിരുന്നതാണെന്നാണ് നിസ രവീന്ദ്രൻ എന്നയാൾ കുറിച്ചത്. ഇയാളെന്താ അടുത്ത ഇലക്ഷനിൽ മത്സരിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും ചില പി ആർ വർക്ക് കാണുമ്പോ. കഴിവുണ്ടെങ്കിൽ മാറിയ മലയാള സിമിമയ്‌ക്കൊപ്പം നിൽക്കുന്ന ക്ലാസ് സിനിമകളുമായി വരട്ടെ. അല്ലാതെ ഈ വിദ്വാന്റെ കുറി തൊട്ടു മുണ്ടുടുത്ത കുറേ പെയിഡ് റീൽസ് ഇട്ട് വെറുപ്പ് കൂട്ടരുതെന്നും അവർ പറയുന്നു
ഇന്നത്തെ ടോവിനോ, രാജുവേട്ടൻ, അതായത് എ ആർ എം, ആടുജീവിതം, എമ്പുരാൻ ഇതിനോടൊക്കെ മെയ്ക്കിങ്ങിൽ പോലും കിടപിടിക്കാൻ പറ്റുന്ന തരത്തിലെ കഥകളും അഭിനയവും ഒക്കെയായി വരട്ടെ. അതിനു കുറേ പുളിക്കും. ഇദ്ദേഹത്തിന് സിനിമയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അ റിയില്ല. 90 വസന്തം ഫാൻസിനൊക്കെ ഇവൻ ആരുടെയോ ഏട്ടനാണ്. ഏതായാലും എന്റെയല്ല. പുള്ളിയുടെ ഓരോ സിനിമകൾക്കും കേറിയ ആളുകളുടെ ബ്രെയിനിന്റെ വളർച്ചയല്ല ഇന്നത്തെ ആളുകൾക്ക്.
സിനിമകൾ തന്നെ നോക്ക്, പരീക്ഷണങ്ങളെ വിജയിപ്പിക്കുകയാണ് രാജുവേട്ടൻ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്. ടോവിനോന്റെ എ ആർ എം മൂവിയിലെ ആക്റ്റിംഗ് തന്നെ എടുത്താൽ മതി ഇദ്ദേഹത്തിന് പഠിക്കാനുള്ളത് അതിലുണ്ട്. ക്ലാസ് മൂവി എന്ന് പറഞ്ഞാൽ അന്ന് നമ്മൾ ടൈറ്റാനിക്ക് സിനിമയിൽ കണ്ടതിനേക്കാൾ കിടു ഗംഭീര മേക്കിംഗ് ആണ് എമ്പുരാനൊക്കെ, വിവാദം ഒരു വശത്ത് കിടക്കട്ടെ. മൊത്തത്തിൽ ഒരു മൂവി എന്ന് പറഞ്ഞാൽ നമ്മൾ ഉള്ളിൽ കാണുന്നതിനേക്കാൾ ഗംഭീരമായത് സ്‌ക്രീനിൽ കാണണമെന്നും അവർ അവകാശപ്പെടുന്നു.
അതേസമയം, മുമ്പ് ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. അമ്മ ഉൾപ്പെടെ തിയേറ്റർ സംഘടനകൾ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലാണ്. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകൻ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ദിലീപിന്റെ സമ്മർദത്തിലുണ്ടായിട്ടുണ്ട്.
വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതും ദിലീപാണ്. ഇടവേളയ്ക്ക് ശേഷം അതിജീവിതയുടെ സിനിമയ്ക്ക് തിയേറ്റർ നൽകാതിരുന്നതും ഒടിടി റൈറ്റ്സ് കിട്ടാതിരുന്നതുമെല്ലാം വാർത്തയായിരുന്നു.
ദിലീപ് മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് അതിജീവിത നേരിട്ട് പരാതി നൽകിയെന്ന് ഇടവേള ബാബു പൊലീസിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അമ്മ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെ പൂർണമായി മാറ്റിനിർത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിർത്തിതിന് പിന്നിൽ ദിലീപാണ് എന്നുമാണ് പറയപ്പെടുന്നത്.
ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു. ട്വന്റി ട്വന്റിയിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു.
