News
സകല തെളിവുകളുമായി 16 ന് മഞ്ജു കോടതിയിലേയ്ക്ക്….; ദിലീപിന്റെ മുന്നിലുള്ളത് അതി നിര്‍ണായക ദിവസങ്ങള്‍
സകല തെളിവുകളുമായി 16 ന് മഞ്ജു കോടതിയിലേയ്ക്ക്….; ദിലീപിന്റെ മുന്നിലുള്ളത് അതി നിര്‍ണായക ദിവസങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. കേസില്‍ ഏറ്റവും സുപ്രധാനമായ സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാസം 16 നാണ് മഞ്ജുവിനെ വിസ്കരിക്കുക. കേസില്‍ 34ാം സാക്ഷിയാണ് മഞ്ജു. നടിയുടെ മൊഴി ഏറെ നിര്‍ണായകമാകും.
തുടരന്വേഷണത്തില്‍ 125 ഓളം സാക്ഷികളെയായിരുന്നു െ്രെകംബ്രാഞ്ച് ഉള്‍പ്പെടുത്തിയത്. ഇതില്‍ തന്നെ ആദ്യ ഘട്ടത്തില്‍ വിസ്തരിച്ച നടി കാവ്യ മാധവന്, നടന് സിദ്ധിഖ് തുടങ്ങി പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഏറ്റവും പ്രധാനമായ 39 സാക്ഷികളെ വിസ്കരിക്കാന് തീരുമാനമായി. സംവിധായകന് ബാലചന്ദ്രകുമാര്‍, മഞ്ജു വാര്യര്‍, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗര്‍, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിംസണ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ മഞ്ജുവിനേയും ജിംസണേയും സാഗറിനേയും വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി മാറ്റി വെയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു അടക്കമുള്ളവര്‍ കോടതിയിലേക്ക് വീണ്ടും എത്തുന്നത് കേസില്‍ പ്രോസിക്യൂഷന് അനുകൂലമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേകിച്ച് മഞ്ജുവിന്റെ മൊഴി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ചില ഗൂഢാലോചനകള്‍ ഉണ്ടെന്ന് ആദ്യം തുറന്ന് പറഞ്ഞ താരമായിരുന്നു മഞ്ജു വാര്യര്‍. കേസില്‍ ആദ്യ ഘട്ടത്തില്‍ മഞ്ജു വാര്യരേയും വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയില്‍ ഉള്ള പലരും തങ്ങളുടെ മൊഴി മാറ്റിയപ്പോള്‍ അതിജീവിതയ്ക്കൊപ്പം തന്റെ ആദ്യ മൊഴി തിരുത്താതെ മഞ്ജു കൂടെ നിന്നു. കേസിന്റെ രണ്ടാം ഘട്ട വിചാരണയിലും മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണെന്നാണ് പ്രോസിക്യൂഷന് വിലയിരുത്തല്‍.
ദിലീപിനെതിരെ നിരവധി ശബ്ദ റെക്കോഡുകള്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പോലീസിന് നല്‍കിയിരുന്നു. ദിലീപ്, സഹോദരി ഭര്‍ത്താവായ സൂരജ്, ദിലീപിന്റെ സഹോദരനായ അനൂപ്, സുഹൃത്തും വ്യവസായിയുമായ അനൂപ് എന്നിവരുടെ ശബ്ദങ്ങള്‍ അടങ്ങിയ റെക്കോഡാണ് ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയത്. ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ച് താന്‍ ശിക്ഷയനുഭവിച്ചുവെന്ന് ദിലീപ് പറയുന്നതായുള്ള ഓഡിയോ റെക്കോഡുകള്‍ അടക്കമായിരുന്നു ബാലചന്ദ്രകുമാര്‍ പോലീസിന് നല്‍കിയത്.
ശബ്ദരേഖയില്‍ ഉള്ളത് തന്റെ ശബ്ദമല്ലെന്നായിരുന്നു ദിലീപ് ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ ഓഡിയോയിലുള്ള ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിനായി നേരത്തേ മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ ദിലീപിന്റെ ഈ വാദം മഞ്ജു തള്ളിയിരുന്നു. ഓഡിയോയിലുള്ള ശബ്ദം ദിലീപിന്റേതാണെന്ന് നടി തിരിച്ചറിഞ്ഞിരുന്നു. ഇതേ മൊഴി തന്നെ കോടതിയില്‍ മഞ്ജു ആവര്‍ത്തിച്ചാല്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ പ്രോസിക്യൂഷന് സാധിച്ചേക്കും.
അതേസമയം സമയപരിധി നിശ്ചയിച്ച കേസില്‍ വിചാരണ വീണ്ടും നീണ്ട് പോകുകയാണ്. ജനുവരി അവസാനത്തോടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. എന്നാല്‍ ഇനിയും പലരേയും വിസ്തരിക്കേണ്ടതുണ്ട്. മാത്രമല്ല പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണ്. നിലവില്‍ ഇദ്ദേഹത്തിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സ തുടരുന്നതിനാല്‍ തനിക്ക് കൊച്ചിയില്‍ കോടതിയില്‍ എത്താനാകില്ലെന്ന് ബാലചന്ദ്രകുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ തിരുവനന്തപുരത്തേക്കാണ് മാറ്റിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ സമയം നീട്ടി കിട്ടാനായി വിചാരണ കോടതി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.
ഇതിനിടയില്‍ തന്നെയാണ് കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ അനിശ്ചിതത്വമായി നീളുകയാണ്. ഇത്രയും കാലം ഞാന്‍ ജയിലിനുള്ളിലായിരുന്നു. ഈ സാഹചര്യം പരഗിണിച്ച് തനിക്ക് ജാമ്യം തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയ സാഹചര്യവും പ്രതി ചൂണ്ടിക്കാണിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശവും തേടിയിട്ടുണ്ട്. എന്ന് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് അഭിഭാഷകന് പ്രിയദര്ശന് തമ്പി വ്യക്തമാക്കിയത്. വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോള്‍ അവര്‍ക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോള്‍ തന്നെ പള്‍സര്‍ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം പരിഗണിക്കാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
