ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; എന്നിട്ടും കേസെടുക്കാതെ പോലീസ്
നടി ആക്രമിക്കപ്പെട്ട അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . കേസിൽ ദിലീപിനേയും അഭിഭാഷകരേയും പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള നിർണായക വെളിപ്പെടുത്തലായിരുന്നു സൈബർ വിദഗ്ദനായ സായ് ശങ്കർ നേരത്തേ നടത്തിയത്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞത് താനാണെന്നും അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമായിരുന്നു അതെന്നുമായിരുന്നു സായ് ശങ്കർ പറഞ്ഞത്. തന്റെ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ കമ്പ്യൂട്ടർ നിലവിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ കൈവശമാണുള്ളതെന്നായിരുന്നു സായ് ശങ്കർ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് രാമൻപിള്ളയ്ക്കെതിരെ കേസെടുക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ വാദം തുടരുന്നതിനിടെ തന്റെ ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിൽ അയച്ച് വിവരങ്ങൾ നടൻ മായ്ച്ച് കളഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യാൻ സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായവും തേടിയതായുള്ള വിവരങ്ങൾ
ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫീസിൽ വെച്ചും എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ചുമെല്ലാം താൻ ദിവസങ്ങളെടുത്ത് ഫോണുകളിലെ വിവരങ്ങൾ ഇല്ലാതാക്കിയെന്ന് സായ് ശങ്കർ സമ്മതിച്ചിരുന്നു. ഇതോടെ കേസിൽ ഏറ്റവും നിർണായകമായേക്കാവുന്ന രേഖകൾ നശിപ്പിച്ച സായ് ശങ്കറിന്റെ ഐ മാക്കും ഐ ഫോൺ ,ഐ പാഡ് എന്നിവയും പോലീസ് പിടിച്ചെടുത്തു.
എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.
അതേസമയം വിവരങ്ങൾ താൻ മായ്ച്ച് കളഞ്ഞ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈവശമാണെന്നും ഇത് തനിക്ക് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് പരാതി നൽകി. തന്റെ കമ്പ്യൂട്ടർ രാമൻപിള്ള പിടിച്ച് വെച്ചിരിക്കുകയാണെന്നായിരുന്നു സായ് ശങ്കർ പരാതിയിൽ പറഞ്ഞത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും കേസെടുക്കണമെന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കേസ് എടുക്കാൻ തയ്യാറായിട്ടില്ല.
കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ കമ്പ്യൂട്ടർ ലഭിച്ചാൽ കേസിൽ വെളിച്ചം വീശുന്ന നിർണായക വിവരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പോലീസ് നിഗമനം. എന്നാൽ രാമൻപിള്ളയ്ക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതോടെ ഈ സാധ്യതകൾ മങ്ങുകയാണ്. കമ്പ്യൂട്ടർ ലഭിച്ചാൽ പല കാര്യങ്ങളും തനിക്ക് വീണ്ടെടുക്കാൻ സാധിക്കുമെന്ന് സായ് ശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിൽ മാപ്പു സാക്ഷിയാണ് സായ് ശങ്കർ.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകരുടെ ഇടപെടൽ തുടക്കം മുതൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാമൻപിള്ളയും അദ്ദേഹത്തിന്റെ സംഘത്തിലെ വക്കീലൻമാരും പ്രതിക്ക് വേണ്ടി ഇടപെടൽ നടത്തുന്നുണ്ടെന്ന ആക്ഷേപം അതിജീവിതയായ നടി ഉൾപ്പെടെ ഉന്നയിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചെന്ന് കാണിച്ച് ബാർ കൗൺസിലിൽ അതിജീവിത പരാതിയും നൽകിയിരുന്നു.
മുംബൈയിലെ സ്വകാര്യ ലാബിൽ ദിലീപ് നൽകിയ ഫോണുകൾ തിരിച്ചെത്തിക്കാൻ അവിടേക്ക് പോയത് അഭിഭാഷകർ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ അഭിഭാഷകർക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇവർക്കെതിര കേസെടുക്കാൻ പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല
