ദിലീപിന്റെ ആ സിനിമയിൽ തിലകൻ ചേട്ടൻ ചെയ്തത് കണ്ട് കരഞ്ഞു പോയി ; സംഭവം ഇങ്ങനെ
തിലകന്റെ കഥാപാത്രങ്ങൾ സിനിമാ ലോകത്ത് ഇന്നും ചർച്ചയാണ്. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചെയ്ത വേഷങ്ങളിലെല്ലാം തിലകന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന തിലകന് അനശ്വരമായ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. പെരുന്തച്ചൻ എന്ന ചിത്രത്തിൽ തിലകൻ ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മൂന്നാംപക്കം, കിരീടം, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ തിലകനിലെ നടൻ തിളങ്ങി.
തിലകനെക്കുറിച്ച് സംവിധായകൻ റാഫി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഞ്ചാബി ഹൗസിൽ തിലകൻ അഭിനയിച്ച രംഗത്തെക്കുറിച്ചാണ് റാഫി സംസാരിച്ചത്. ‘പഞ്ചാബി ഹൗസിൽ ഞാൻ കുഴഞ്ഞ ഒരു സ്ഥലമുണ്ട്. തിലകൻ ചേട്ടന്റെ സീനാണ്. മകൻ മരിച്ച പോയി എന്ന് വിശ്വസിച്ച് ജീവിക്കുന്ന അച്ഛൻ മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ് അവിടെ വന്ന് മകനെ കാണുകയാണ്. ആ ഷോട്ടിൽ എങ്ങനെ ആയിരിക്കണം പെർഫോമൻസ് എന്ന ചർച്ച നടക്കുന്നുണ്ട്. ഓടി വന്ന് കെട്ടിപ്പിടിക്കാം, കരയാം. ഞാനിതേക്കുറിച്ച് ചോദിച്ചപ്പോൾ പുള്ളി ഞാൻ ചെയ്യാം, അതൊന്ന് നോക്ക് എന്ന് പറഞ്ഞു. തിലകൻ ചേട്ടൻ വെറുതെ ഒരു കൈയെടുത്ത് തോളിൽ വെച്ചേയുള്ളൂ. പക്ഷെ നമ്മൾ കരഞ്ഞു,’ റാഫി പറഞ്ഞു തിലകന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും റാഫി വ്യക്തമാക്കി.
നെടുമുടി വേണുവിന്റെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഈ കഥാപാത്രം ചെയ്യാൻ വേണുവേട്ടൻ മാത്രമേയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ഇന്ദ്രൻസിന് ഇപ്പോൾ ലഭിക്കുന്ന കഥാപാത്രങ്ങൾ വലിയ നേട്ടം തന്നെയാണ്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടൻമാർ ദേശീയ അവാർഡ് വരെ വാങ്ങി. കുതിരവട്ടം പപ്പു സ്ഥിരം കോമഡി വേഷങ്ങൾ ചെയ്യുമായിരുന്നെങ്കിലും ചില സിനിമകളിൽ ചെയ്ത സീരിയസ് വേഷം കണ്ടാൽ നമ്മൾ ഞെട്ടിപ്പോവുമെന്നും റാഫി ചൂണ്ടിക്കാട്ടി. പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അഭിനയിച്ച വൈകാരിക രംഗം നീക്കിയതിനെക്കുറിച്ചും റാഫി സംസാരിച്ചു. ഹരിശ്രീ അശോകൻ വളരെ ആഗ്രഹിച്ച രംഗമായിരുന്നു അത്. പക്ഷെ അത് നീക്കേണ്ടി വന്നു. സിനിമയിൽ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രത്തിന്റെ കോമഡി പരിവേഷത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ദൈർഘ്യവും കാരണമാണ് ഈ സീനുകൾ നീക്കം ചെയ്തതെന്ന് റാഫി വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റാഫിയുടെ പ്രതികരണം.
1998 ലാണ് പഞ്ചാബി ഹൗസ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറവും ഈ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ദിലീപ്, മോഹിനി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ജോമോൾ, നീന കുറുപ്പ് തുടങ്ങി വലിയ താരനിര പഞ്ചാബി ഹൗസിൽ അണിനിരന്നു. സിനിമയിൽ കോമഡി രംഗങ്ങൾക്ക് ഇന്നും ആരാധകരുണ്ട്. വർഷങ്ങൾക്ക് ശേഷവും പഞ്ചാബി ഹൗസിലെ രംഗങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ കരിയറിൽ ആരാധകർ ഇന്നും എടുത്ത് പറയുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. സിനിമയിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് ജയറാമിനെയായിരുന്നു. റാഫി-ദീലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ഏറെ നാളുകൾക്ക് ശേഷം ദിലീപ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജൂലൈ 28 ന് സിനിമ തിയറ്ററുകളിലെത്തും.
