Actor
എനിക്കെതിരെ വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നു, അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകും; ദിലീപ്
എനിക്കെതിരെ വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നു, അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകും; ദിലീപ്
മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ചിരിയുടെ മാസപ്പടക്കം തന്നെ സമ്മാനിച്ച താരം ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങളുമായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ തനിയ്‌ക്കെതിരായി വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. എന്റെ ഓരോ സിനിമകള്‍ വരുന്നതിന് മുന്നോടിയായി ഓരോ കാര്യങ്ങളുണ്ടാകും. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിട്ടുള്ള കാര്യമാണ് ഇത്.
അത് ഒന്നും ഏല്‍ക്കാതെ ആയപ്പോഴാണ് വേറെ രീതിയിലുള്ള ആക്രമണം തുടങ്ങിയത്. അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകുമെന്നും ദിലീപ് ചോദിക്കുന്നു. സിനിമയാണ് എന്റെ ലോകം, അതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കളികള്‍ നമ്മള്‍ ശ്രദ്ധിച്ചില്ല. നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ആരാണ് ഇതിനെല്ലാം പിന്നിലെന്ന് ഞാന്‍ അന്വേഷിച്ചാലും എനിക്ക് അതേക്കുറിച്ച് പറയാനുള്ള അവകാശമില്ല.
ഞാന്‍ ഒന്നിനേക്കുറിച്ചും സംസാരിക്കാന്‍ പാടില്ല. ഒരു ആരോപണം എടുത്തിട്ടിട്ട് കാണുന്നവര്‍ മുഴുവന്‍ അടിക്കുകയും വായില്‍ തോന്നുന്നത് മുഴുവന്‍ പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ സാധിക്കുന്നില്ല. എനിക്ക് പറയാന്‍ പാടില്ല. എന്നെങ്കിലും ഒക്കെ പറയാന്‍ സാധിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കാമെന്നും പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുന്നു.
സിനിമയുടെ വിജയങ്ങളും പരാജയങ്ങളും സ്വാഭാവികമായി സംഭവിക്കുന്നത്. എല്ലാ സിനിമകളും ഹിറ്റ് ആവട്ടെ എന്ന് കരുതി തന്നെയാണ് നമ്മള്‍ എടുക്കുന്നത്. എനിക്ക് ഒരുപാട് ഹിറ്റുകള്‍ കിട്ടിയത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അതുപോലെ ഇടയ്ക്ക് പരാജയങ്ങളും കിട്ടിയിട്ടുണ്ടാവണം. കുറേ ഹിറ്റുകള്‍ കിട്ടി എന്ന് കരുതി അടുത്ത പടം ഹിറ്റാവണമെന്നോ, കുറേ പരാജയങ്ങള്‍ കിട്ടിയെന്ന് വെച്ച് അടുത്ത പടം പരാജയമാകുമെന്നോ പറയാന്‍ സാധിക്കില്ല.
ഓരോ സിനിമയ്ക്കും അതിന്റേതായ ജാതകമുണ്ട്. പ്രേക്ഷകര്‍ നിലനിര്‍ത്തിയ ഒരു അഭിനേതാവാണ് ഞാന്‍. ചെറിയ വേഷങ്ങള്‍ ചെയ്ത് വന്ന വ്യക്തി കൂടിയാണ് ഞാന്‍. പരാജയും വിജയങ്ങളും ഉണ്ടാകും. സങ്കടം എന്ന് പറയുന്നത് സാമ്പത്തികമായി നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാകുന്നു എന്നതാണ്. അത് എങ്ങനെ പരിഹരിക്കും എന്നതാണ് പ്രധാനമെന്നും ദിലീപ് വ്യക്തമാക്കുന്നു.
അതേസമയം, പവി കെയര്‍ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കരയുകയാണെന്നാണ് ദിലീപ് പറഞ്ഞത്. തനിക്ക് പിടിച്ച് നില്‍ക്കാന്‍ പുതിയ സിനിമയുടെ വിജയം ആവശ്യമാണെന്നും നടന്‍ പറഞ്ഞു.
‘എന്റെ അവസ്ഥ ഒക്കെ നിങ്ങള്‍ക്ക് അറിയാം. കഴിഞ് 29 വര്‍ഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാന്‍. പ്രേക്ഷകരുടെ കൈയ്യടി പോലെ തന്നെ ഞാന്‍ ഇത്രയും പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴും എന്നെ വിശ്വസിച്ച് സിനിമ നിര്‍മ്മിക്കുന്ന എന്റെ നിര്‍മ്മാതാക്കള്‍, എനിക്ക് പുതിയ കഥാപാത്രങ്ങള്‍ തന്ന സംവിധായകര്‍, കൂടെ അഭിനയിച്ച മറ്റ് താരങ്ങള്‍ എന്നിങ്ങനെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍.
അതുപോലെ തന്നെ ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് കാലം നിങ്ങളെ ചിരിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞോണ്ടിരിക്കുന്നൊരാളാണ് ഞാന്‍. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ ആവശ്യമാണ്’, എന്നാണ് ദിലീപിന്റെ വാക്കുകള്‍.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ഏപ്രില്‍ 26 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് പുതുമുഖ നായികമാര്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.
