നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കൾ, 2014 മുതല്‍ ഞങ്ങളൊരു കുടുംബമാണ്”; വൈറലായി ചിത്രങ്ങൾ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പരമ്പരയാണ് ചന്ദനമഴ. ദേശായി കുടുംബത്തിലെ എല്ലാവരും ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. നടി മാഘ്‌ന വിന്‍സെന്റ് ആയിരുന്നു ഇതില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 2014 മുതല്‍ 2017 വരെ ആയിരുന്നു സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്. . പരമ്പരയിലെ നായകനും നായികയ്ക്കും പുറമെ വില്ലൻ വേഷങ്ങളിൽ എത്തിയ താരങ്ങൾക്ക് വരെ ആരാധകരുണ്ടായിരുന്നു. അങ്ങനെ ചന്ദനമഴ സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശാലു കുര്യൻ.
ചന്ദനമഴയിൽ വർഷ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ശാലു കുര്യൻ അവതരിപ്പിച്ചിരുന്നത്. 2007 മുതൽ സീരിയൽ രംഗത്ത് സജീവമായ ശാലു നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ചന്ദനമഴയിലെ വർഷയായാണ് താരത്തെ പ്രേക്ഷകർ ഓർക്കുന്നത്. റൊമാൻസ് അടക്കം ഒരുപിടി സിനിമകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിനേക്കാളൊക്കെ ജനപ്രീതിയാണ് ചന്ദനമഴ എന്ന ഒറ്റ പരമ്പരയിലൂടെ ശാലുവിന് ലഭിച്ചത്.
ചന്ദനമഴയുടെ പേരിലാണ് ഇപ്പോഴും ആളുകള്‍ തന്നെ തിരിച്ചറിയുന്നതെന്ന് ശാലു തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അന്ന് സ്ത്രീ പ്രേക്ഷകരുടെയെല്ലാം ശത്രുവായിരുന്നു ശാലു. എങ്കിലും ഒരുപാട് സ്നേഹം ലഭിച്ചിരുന്നു എന്നാണ് ശാലു പറഞ്ഞത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശാലു പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ചന്ദനമഴയിലെ സഹതാരങ്ങളോടൊപ്പം പുറത്തുപോയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശാലു കുര്യൻ.
പരമ്പരയിൽ മേഘ്‌ന അവതരിപ്പിച്ച അമൃത എന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മ ആയെത്തിയ രൂപശ്രീക്കും നാത്തൂനായി അഭിനയിച്ച ചാരുത ബൈജുവിനും ഒപ്പമായിരുന്നു ശാലുവിന്റെ ഔട്ടിങ്. ‘ലേഡീസ് ഔട്ടിങ്’ എന്ന ക്യാപ്ഷ്യനോടെയാണ് ഇതിന്റെ വീഡിയോ ശാലു പങ്കുവെച്ചത്. ചാരുതയും സുഹൃത്തുക്കളെ കണ്ട സന്തോഷം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ‘നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കൾ. 2014 മുതല്‍ ഞങ്ങളൊരു കുടുംബമാണ്’ എന്നാണ് ചാരുത കുറിച്ചത്. ശാലുവിനും രൂപശ്രീക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു പോസ്റ്റ്.
നിരവധി ആരാധകരാണ് ഇരുവരുടെയു പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഊര്‍മ്മിള ദേവി ആകെ മാറിയല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചന്ദനമഴ കോംപോ, യൂട്യൂബില്‍ ചന്ദനമഴ കാണാത്ത ഒരുദിവസം പോലുമില്ല. എനിക്ക് ഊര്‍മ്മിള ദേവിയെ ഒരുപാടിഷ്ടമാണ്. ഇതിന്റെ സെക്കന്‍ഡ് പാര്‍ട്ടിനെക്കുറിച്ച് ചിന്തിച്ചൂടേ എന്നൊക്കെ ആയിരുന്നു ആരാധകരുടെ കമന്റുകൾ. അമൃതയേയും കൂടി കൂട്ടാമായിരുന്നു എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
ഇന്നും സോഷ്യൽ മീഡിയയിലെ ട്രോളുകളിലടക്കം നിറയുന്ന പരമ്പരയാണ് ചന്ദനമഴ. സീരിയലിൽ മേഘ്‌ന പാമ്പിനെ പിടിക്കുന്ന രംഗമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒറിജിനല്‍ പാമ്പിനെ വെച്ച് തന്നെയാണ് അത് ഷൂട്ട് ചെയ്തത്. വാ കൂട്ടി തയ്ച്ചിട്ടുണ്ടായിരുന്നു എന്ന് മേഘ്നയും ശാലുവും മുൻപ് വെളിപ്പെടുത്തിയിരുന്നു.
മേഘ്‌നയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ അത് എടുക്കില്ലായിരുന്നു. പരമ്പരയില്‍ നിന്നും ഒഴിവാക്കിയാലും വേണ്ടില്ല, പാമ്പിനെയൊന്നും എടുക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. അവളാണെങ്കില്‍ ഡെഡിക്കേഷന്‍ കാരണം എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. അതിന്റെ തുന്നലെങ്ങാനും വിട്ടുപോയാല്‍ കടിക്കില്ലേ, ആ ഭയത്തിലായിരുന്നു എല്ലാവരും. ട്രോളര്‍മാര്‍ കാരണം ചന്ദനമഴ ഇപ്പോഴും അതേപോലെ എല്ലാവരും ഓര്‍ത്തിരിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട് എന്ന് ശാലു മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങൾ പിറന്നതോടെ ഇടക്കാലത്ത് ശാലു അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു . എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവാണ് ശാലു നടത്തിയത്. തട്ടീം മുട്ടീം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ പരമ്പരകളില്‍ ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. നിലവിൽ വൈഫ് ഈസ് ബ്യൂട്ടിഫുളിൽ തിളങ്ങി നിൽക്കുകയാണ് ശാലു. ഹാസ്യവേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് താരം.
