Bollywood
ബോളിവുഡ് സംഗീതരംഗത്തെ ആത്മഹത്യയെ കുറിച്ചും നിങ്ങള്‍ ഉടനെ കേള്‍ക്കും
ബോളിവുഡ് സംഗീതരംഗത്തെ ആത്മഹത്യയെ കുറിച്ചും നിങ്ങള്‍ ഉടനെ കേള്‍ക്കും
ബോളിവുഡ് നടന് സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലും വെട്ടിത്തുറന്നു പറച്ചിലുമായി പലരും രംഗത്ത്. ബോളിവുഡില്‍ ഗോഡ് ഫാദറില്ലാതെ സിനിമയില്‍ ഉയര്‍ന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടന്, കങ്കണ റണാവത്ത്, വിവേക് ഒബ്റോയി എന്നിവര്‍ രംഗത്ത് വന്നതും വലിയ ചര്‍ച്ചയായി.
പിന്നാലെ ബോളിവുഡ് സംഗീതമേഖലയുടെയും സ്ഥിതി മറിച്ചല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഗായകന് സോനു നിഗം.
”നടനായിരുന്ന സുശാന്തിന്റെ ആത്മഹത്യ ഇന്ന് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാവിയില്‍ സംഗീതമേഖലയില്‍ നിന്നുമൊരു ആത്മഹത്യയെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കും. പ്രധാനമായും ഇവിടെ രണ്ടു ‘മാഫിയ’കളാണ് എല്ലാം തീരുമാനിക്കുന്നത്. അവര്‍ക്ക് അവരുടെ അധികാരമാണ് വലുത്. ആ അധികാരവും സ്വാധീനവുമുപയോഗിച്ച് ആരൊക്കെ പാടണം പാടരുത് എന്നൊക്കെ അവര്‍ നിശ്ചയിക്കും. ഗായകരുടെ പ്രതിഭയൊന്നും അവര്‍ക്ക് വിഷമയല്ല, പണം മാത്രമാണ് ലക്ഷ്യം. വളരെ കഷ്ടപ്പാട് അനുഭവിച്ച് അവസരത്തിനായി കാത്തു നില്ക്കുന്ന സംഗീത പ്രതിഭകളോട് ഇങ്ങനെ ചെയ്യുന്നത് അനീതിയാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഭാഗ്യവാനാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വന്നതിനാല്‍ അന്ന് ഇത്രയും വലിയ മത്സരങ്ങളൊന്നും ഇല്ലായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു.” സോനു നിഗം പറഞ്ഞു.
സംസാരിക്കുന്നതിനിടയില്‍ സോനു നിഗം നടന് സല്മാന് ഖാനെതിരേ പരോക്ഷമായ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. 2016 ഒരു പുരസ്കാര നിശയില്‍ അരിജിത് സിംഗിന്റെ പെരുമാറ്റരീതിയില്‍ അസ്വസ്ഥനായ സല്മാന് തന്റെ സുല്‍ത്താന്‍ എന്ന സിനിമയില്‍ നിന്ന് അരിജിത്ത് റെക്കോര്‍ഡു ചെയ്ത ഒരു ഗാനം ഉപേക്ഷിക്കാന്‍ സംഗീത സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.”ഇത്രയും കാലത്തെ അനുഭവസമ്ബത്തുള്ള ഗായകരോട് ഇതു ചെയ്യുന്നുവെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ” സല്‍മാന്റെ പേരെടുത്തു പറയാതെ സോനു നിഗം പറഞ്ഞു.
