TV Shows
എന്റെ ജെന്‍ഡര്‍ ഞാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല… ഞാന്‍ അധിക്ഷേപിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ആണത്തത്തോടെ പെരുമാറാന്‍ എന്നോട് ഉമ്മ പറയുമായിരുന്നു… ബിഗ് ബോസിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥി അവരാണ്,ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം; റിയാസിന്റെ തുറന്ന് പറച്ചിൽ
എന്റെ ജെന്‍ഡര്‍ ഞാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല… ഞാന്‍ അധിക്ഷേപിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ആണത്തത്തോടെ പെരുമാറാന്‍ എന്നോട് ഉമ്മ പറയുമായിരുന്നു… ബിഗ് ബോസിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥി അവരാണ്,ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം; റിയാസിന്റെ തുറന്ന് പറച്ചിൽ
ഇത്തവണത്തെ ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി ഒടുവിൽ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമായി മാറുകയായിരുന്നു റിയാസ് സലിം.
തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നും ഹൗസിനുള്ളില്‍ ഉടനീളം റിയലായി തന്നെ നില്‍ക്കുകയും ചെയ്ത റിയാസ് സലീമായിരുന്നു സഹമത്സരാര്‍ത്ഥികളുടെ ഉള്ളില്‍ പോലും ‘ദി റിയല്‍ വിന്നര്‍’ റിയാസായിരുന്നു
റിയാസ് മുന്നോട്ടുവെച്ചതും ചര്‍ച്ച ചെയ്യാനാഗ്രഹിച്ചതുമായ നിരവധി വിഷയങ്ങള്‍ കാലികപ്രസക്തവും അതേസമയം പുരോഗമനപരമായ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. പലപ്പോഴും താന്‍ ഹൗസിനുള്ളില്‍ തുറന്നുപറഞ്ഞ കാര്യങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുമെന്നോ സ്വാധീനം ചെലുത്തുമെന്നോ റിയാസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ താന്‍ കുറേക്കൂടി സംസാരിച്ചേനെ എന്ന് പറയുകയാണ് ഇപ്പോള്‍ റിയാസ് സലിം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിയാസ് മനസ്സു തുറന്നത്.
ഷോയില്‍ വരാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. കാരണം ഷോയുടെ എന്റര്‍ടെയ്ന്‍മെന്റ് വാല്യുവും ജനപ്രീതിയും ജനങ്ങള്‍ക്കിടയില്‍ അതിന്റെ സ്വാധീനവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. മാത്രമല്ല നേരത്തെ മുതല്‍ ഷോ കണ്ട് ശീലിച്ച ഞാന്‍ അതില്‍ നിന്നുള്ള ചില കാര്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു. എപ്പോഴെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന തോന്നലുണ്ടായിരുന്നു. ആളുകള്‍ ടെലിവിഷനില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളുമുണ്ട്. എനിക്ക് അവസരം കിട്ടിയാല്‍ അതൊക്കെ ചെയ്യണമെന്നും പറയണമെന്നും ഉണ്ടായിരുന്നു. നേരത്തെ തന്നെ ലിംഗസമത്വത്തെത്തുറിച്ചും മറ്റുമുള്ള പല വീഡിയോകളും ഞാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാകാം ഇതിന്റെ ക്രൂ എന്നെ കണ്ടെത്തിയത്. ഒരുദിവസം ഷോയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് ഫോണ്‍ വന്നു. അങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെടുന്നത്.
കേരളത്തില്‍ സാധാരണയായി സ്ത്രീകളുടെ നേട്ടങ്ങള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടാറൊന്നുമില്ല. പക്ഷെ, ഈ വര്‍ഷത്തെ ബിഗ് ബോസ് വിന്നറേക്കാള്‍ ഷോയില്‍ ഇതിനു മുമ്പുള്ള സീസണുകളില്‍ വളരെ ശക്തരും ധീരമായ നിലപാടുകളുമുള്ള നിരവധി വനിതാ മത്സരാര്‍ത്ഥികളെ ഞാന്‍ കണ്ടിട്ടുണ്ട്. മലയാളികള്‍ പലപ്പോഴും പുരുഷമേധാവിത്വവും വിഷലിപ്തമായ മനസ്സും അക്രമണോത്സുകതയും ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണ്. ഈ സീസണും അതില്‍ നിന്ന് വ്യത്യസ്തമല്ലായിരുന്നു. ഇതൊക്കെ കണ്ട് മനസ്സിലാക്കിയാണ് ഷോയിലേക്ക് ഞാന്‍ ചെല്ലുന്നത്. ഒഴുക്കിനെതിരെ നീന്തുകയായിരുന്നു ഞാന്‍. ജയിക്കാനായി കളിയ്ക്കാന്‍ എനിക്ക് നന്നായി അറിയാമായിരുന്നു. എന്നാല്‍ വിന്നറാകുന്നതിന്റെ അതേ പ്രാധാന്യം ഞാന്‍ ഹൗസിനുള്ളില്‍ റിയലായി നില്‍ക്കുന്നതിനും കൊടുത്തിരുന്നു.
എന്നെ ഞാനായി കാണിക്കുന്നതില്‍ അല്പം ഭയാശങ്കകളോടെയാണ് ഷോയിലേക്ക് വരുന്നത്. ഇതെന്റെ സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ നേരിടുന്നതാണ്. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കുടുംബത്തിലെ വിവിധ ആഘോഷപരിപാടികള്‍ പോലും ഞാന്‍ ഒഴിവാക്കാറുണ്ടായിരുന്നു. മൂന്നര കോടി ജനങ്ങള്‍ കാണുന്ന ഒരു റിയാലിറ്റി ഷോയിലാണ് ഞാന്‍ മത്സരിക്കാന്‍ പോയത്. ഇപ്പോള്‍ എനിക്ക് തെല്ലും ജാള്യതയില്ല. എന്റെ ബോഡി ലാങ്വേജ് ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നന്നായറിയാം. കാരണം എന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ വ്യത്യസ്തനായ ഒരാളായാണ് എല്ലാവരും കാണുന്നത്. മറ്റൊരു രീതിയില്‍ എന്നെ അവതരിപ്പിക്കാന്‍ എനിക്ക് അല്പം പോലും താത്പര്യമില്ല. ഷോയുടെ അകത്തും പുറത്തുമുള്ള ആളുകള്‍ വരെ എനിക്ക് മാനുഫാക്ചറിങ് ഡിഫെക്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ തെല്ലും അതിശയമില്ല. ഞാന്‍ ഹൗസിനുള്ളിലേക്ക് വന്ന ആദ്യ രണ്ടാഴ്ചയില്‍ എനിക്ക് അകത്തും പുറത്തും കിട്ടിയ ഫീഡ് ബാക്ക് വളരെ മോശമായിരുന്നു. ആ സമയങ്ങളില്‍ എന്റെ കുടുംബാംഗങ്ങളെല്ലാം വലിയ അധിക്ഷേപങ്ങളും ട്രോളുകളും നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് എന്റെ പ്രവൃത്തിയേയും പറച്ചിലിനേയും ആളുകള്‍ മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാന്‍ തുടങ്ങി. എന്നെ ആളുകള്‍ ഇഷ്ടപ്പെടാന്‍ ആരംഭിച്ചു. അതെന്റെ കുടുംബത്തിന് സന്തോഷവും ഒപ്പം അഭിമാനവുമാണ് നല്‍കിയത്. എനിക്ക് ചില സ്ത്രീ സ്വഭാവങ്ങളുണ്ട്. എന്നുവെച്ച് ഞാനതിനെ മോശമായി കാണുകയോ ആളുകള്‍ ഇക്കാര്യത്തില്‍ എന്നെ അംഗീകരിക്കണമെന്നോ ഞാന്‍ ആവശ്യപ്പെടുന്നില്ല.
ഞാന്‍ പറഞ്ഞ പല കാര്യങ്ങളും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. പലതും സാധാരണ രീതിയില്‍ കാണാന്‍ ഷോ കണ്ട കുടുംബപ്രേക്ഷകര്‍ക്കു പോലും ഇപ്പോള്‍ സാധിക്കുന്നുണ്ട്. എന്റെ ജെന്‍ഡര്‍ ഞാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ, പല കമ്യൂണിറ്റിയില്‍ നിന്നുള്ള കൊച്ചുകുട്ടികള്‍ പോലും എനിക്ക് വേണ്ടി വോട്ടര്‍ഭ്യര്‍ത്ഥിച്ചതായി കണ്ടു. അവരില്‍ പലരും എനിക്ക് വേണ്ടി പ്രമോഷണല്‍ വീഡിയോകളുണ്ടാക്കി. എന്റെ നാട്ടില്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ അനുഭവിച്ചുവരുന്ന ട്രോമ വാക്കുകളില്‍ ഒതുങ്ങില്ല. ചെറുപ്പം മുതല്‍ നാട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെ ഞാന്‍ എന്തെല്ലാം കേട്ടിരിക്കുന്നു. നാണക്കേട് കാരണം ഇപ്പോഴും പറയാന്‍ പറ്റാത്ത കുറേ കാര്യങ്ങളുണ്ട്. ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് എല്ലാ ദിവസവും ഇതെല്ലാം കേട്ട് ജീവിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയാണ് ഞാന്‍ ബോള്‍ഡ്‌നെസ് രൂപപ്പെടുത്തിയെടുക്കുന്നത്. പക്ഷെ, എന്നിട്ടും എന്നെ നോക്കി ചിരിക്കുന്നവരുണ്ട്.
പക്ഷെ, എന്റെ ഉമ്മ എനിക്ക് വേണ്ടി പോരാടി. ഞാന്‍ അധിക്ഷേപിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ആണത്തത്തോടെ പെരുമാറാന്‍ എന്നോട് ഉമ്മ പറയുമായിരുന്നു. ഞാന്‍ മാറാന്‍ നോക്കിയെങ്കിലും, പക്ഷെ പിന്നീട് ഞാനാ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. ഞാന്‍ ഒരു മനുഷ്യനാണ്, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എങ്ങനെയായിരിക്കണമെന്ന് സമൂഹമല്ല പറയേണ്ടത്. ആദ്യം ഒരു നല്ല മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്. ഇനി അഥവാ സ്ത്രീയാണെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ്? ഞാന്‍ വളരെ കുറച്ചു കാര്യങ്ങളെ ഷോയില്‍ പറഞ്ഞിട്ടുള്ളൂ. എങ്കില്‍ പോലും അതിന് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചെങ്കില്‍ കുറേയേറെ കാര്യങ്ങള്‍ പറയാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ എന്റെ പഠനം ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കണമെന്നാണ് എന്റെ ആഗ്രഹം. വിനോദ മേഖലയില്‍ തന്നെ തുടരാനാണ് താത്പര്യം. അതോടൊപ്പം തന്നെ എനിക്ക് ഒരു മോട്ടിവേഷണല്‍ സ്പീക്കറാകാനും പ്രസംഗകനാകാനും താത്പര്യമുണ്ട്. എവിടെപ്പോയാലും എനിക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നല്ല വിശ്വാസമുണ്ട്.
രഞ്ജിനി ഹരിദാസാണ് ബിഗ് ബോസിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥി. അവര്‍ വളരെ ശക്തയും ധീരയുമാണ്. ആ ബോള്‍ഡ്‌നെസ് കൊണ്ടാണ് അവര്‍ തന്റെ കരിയറും ജീവിതവും കെട്ടിപ്പടുത്തത്. ഇംഗ്ലീഷ് സംസാരിക്കുന്നതിനും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കുന്നതിനും രഞ്ജിനിയെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഭീഷണികളും ട്രോളുകളും വരെ നേരിട്ടു. ആളുകള്‍ പറയുന്നതനുസരിച്ചും അവരുടെ പ്രതീക്ഷയ്‌ക്കൊത്തും ജീവിക്കാന്‍ അവര്‍ക്ക് ഓപ്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ, അവള്‍ അവളുടെ സ്റ്റാന്‍ഡില്‍ തന്നെ ഉറച്ചു നിന്നു. അങ്ങനെയുള്ളവരാണ് ഷോയില്‍ വിജയിക്കേണ്ടത്. ‘ റിയാസ് തുറന്നു പറയുന്നു.
