Malayalam
പിറന്നാള്‍ ആശംസകള്‍ കാത്തീ; പ്രിയതാരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് സഹോദരന്
പിറന്നാള്‍ ആശംസകള്‍ കാത്തീ; പ്രിയതാരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് സഹോദരന്
മലയാളികളുടെ പ്രിയതാരം ഭാവനയുടെ ജന്മദിനമാണ് ഇന്ന്
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഇപ്പോൾ അനിയത്തിക്ക് ജന്മദിനാശംസകൾ നേർന്ന് ഭാവനയുടെ സഹോദരൻ ജയദേവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.
ജയദേവൻ പങ്കുവച്ച കുറിപ്പ്
ഓ..അവൾക്കത് എളുപ്പമല്ലേ..സിനിമാ കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്, അച്ഛൻ ക്യാമറാമാൻ ആണ്..അങ്ങനെയങ്ങനെ…ആരെങ്കിലും എന്റെ അനിയത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഇക്കാര്യങ്ങൾ ഞാൻ പല തവണ കേട്ടിട്ടുണ്ട്.
പക്ഷേ സത്യം നേരെ വിപരീതമായിരുന്നു. ഞങ്ങൾ രണ്ട് പേരും ടെലിഫിലിമിൽ ബാലതാരങ്ങളായാണ് തുടങ്ങിയത്. ശ്രീമൂലനഗരം പൊന്നൻ ചേട്ടൻ സംവിധാനം ചെയ്ത ടെലിഫിലിം. അതിന് മുമ്പ് അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമായി ചെറിയ രീതിയിൽ മോഡലിങ്ങൊക്കെ ചെയ്തിരുന്നു. അതിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പത്രത്തിന് വേണ്ടി ചെയ്ത ദീപം കുടയുടെ പരസ്യം,,
ഞാൻ രണ്ട് മൂന്ന് ടെലിഫിലിമിൽ കൂടി അഭിനയിച്ച ശേഷം നിർത്തി. അവൾ സ്കൂളിലെ പരിപാടികളിലും സജീവമായി. അവതാരകയായും, ഡാൻസറായും, അനൗൺസറായും അവൾ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ചില പരസ്യങ്ങളും ചെയ്തു.
നമ്മൾ എന്ന ചിത്രത്തിന് മുമ്പ് ബോബനും മോളിയും, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ ഓഡിഷന് അവൾ പോയിരുന്നു. നമ്മൾ അവൾക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തെങ്കിലും ഇന്ന് കാണുന്ന അവളായി മാറാൻ ഒരുപാട് കഠിനമായ പരിശ്രമവും വിചാരിക്കാത്ത പ്രതിബന്ധങ്ങളും കഷ്ടതകളും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
അവൾ ലോകത്തോട് യുദ്ധം ചെയ്തു, പ്രക്ഷുബ്ധമായ വെള്ളത്തിൽ നീന്തിക്കേറി, അവൾ സത്യമെന്ന് വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ടു. അവളുടെ ആ നിശ്ചയദാർഡ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്. അവളെ പിന്തുണയ്ക്കുക മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.
18 വർഷത്തെ സിനിമാ ജീവിതം, നാല് ഭാഷകൾ, എൺപതിലധികം ചിത്രങ്ങൾ…ഞാൻ നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ആശംസിക്കുന്നു…വരാനിരിക്കുന്ന നിന്റെ യാത്രകൾക്ക് കട്ടയ്ക്ക് കൂടെയുണ്ട് ഞാൻ. അതേ നമ്മളിനിയും കൊടുങ്കാറ്റിനെ നേരിടും, പക്ഷേ ഒന്നിനും നമ്മളെയും കുടുംബത്തെയും മുന്നോട്ട് പോകുന്നതിൽ നിന്ന് തടയാനാവില്ല…ജന്മദിനാസംസകൾ പ്രിയ സഹോദരി…ജയദേവൻ കുറിച്ചു..ഈ ചിത്രം 12-ാമത്തെ വയസിൽ അവൾ അഭിനയിച്ച തമാം കറിപൗഡറിന്റെ പരസ്യത്തിൽ നിന്നുള്ളതാണ്.
