Connect with us

16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന്; മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും

News

16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന്; മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും

16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന്; മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും

16ാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള(ഐഡിഎസ്എഫ്എഫ്കെ)യുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന നരേഷ് ബേഡി, രാജേഷ് ബേഡി എന്നിവർക്ക്.

രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 26ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് ഈ വിവരം അറിയിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ ബേഡി ബ്രദേഴ്‌സിന്റെ ചേസിംഗ് ഷാഡോസിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ, ലഡാക്ക് – ദ ഫോർബിഡൻ വിൽഡർനെസ്, സാധൂസ് – ലിവിംഗ് വിത്ത് ദ ഡെഡ് വൈൽഡ്, അഡ്വഞ്ചേഴ്‌സ് ഹോട്ട് എയർ ബലൂണിംഗ് വിത്ത് ബേഡി ബ്രദേഴ്‌സ്, മൊണാർക്ക് ഓഫ് ദ ഹിമാലയാസ്, കോർബറ്റ്‌സ് ലെഗസി, ചെറൂബ് ഓഫ് മിസ്റ്റ് റെഡ് പാണ്ട എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് ഹ്രസ്വചിത്രമേള.

ഇന്ത്യയുടെ പ്രകൃതിയെക്കുറിച്ചുള്ള പൊതുധാരണകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഡോക്യുമെന്ററികളും ഫോട്ടോഗ്രാഫുകളും ആണ് ബേഡി ബ്രദേഴ്‌സിന്റേത്. നാലു പതിറ്റാണ്ടിലേറെയായി ഇവർ വന്യജീവികളുടെ ജീവിതം പകർത്തുന്നുണ്ട്.
1969ൽ പുനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് ബിരുദം നേടിയതിനുശേഷമാണ് ഇളയ സഹോദരനായ രാജേഷിനൊപ്പം നരേഷ് ബേഡി ആരും അധികം കടന്നു ചെന്നിട്ടില്ലാത്ത ഈ മേഖലയിലേക്ക് കടന്നുന്നത്.

ആദ്യ സംരംഭമായ ‘ദ ഗാംഗസ് ഘറിയാൽ’ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും 1984ലെ വൈൽഡ് സ്‌ക്രീനിൽ പാണ്ട അവാർഡ് നേടുകയും ചെയ്തു. മുതലകളുടെ അജ്ഞാതമായ പെരുമാറ്റ സവിശേഷതകൾ വെളിപ്പെടുത്തിയതായിരുന്നു ഇത്. തുടർന്ന് കടുവകൾ, ആനകൾ, മറ്റു വന്യജീവികൾ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ അന്താരാഷ്ട്രതലത്തിലെ വിവിധ ടെലിവിഷൻ ശൃംഖലകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു.

സേവിംഗ് ദ ടൈഗർ, മാൻ ഈറ്റിംഗ് ടൈഗേഴ്‌സ് എന്നിവ ബാഫ്ത അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. രാജേഷ് ബേഡി പകർത്തിയ വന്യജീവി ഫോട്ടോകളുടെ സമാഹാരമായ ‘ഇന്ത്യൻ വൈൽഡ് ലൈഫ്’ 1987ൽ പ്രകാശനം ചെയ്യപ്പെട്ടു. നാഷനൽ ജ്യോഗ്രഫിക് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1986ൽ ബ്രിട്ടനിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആയി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ൽ പത്മശ്രീ, വൈൽഡ് ലൈഫ് ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ വെയ്ൽ അവാർഡ്, സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പൃഥ്വിരത്‌ന പുരസ്‌കാരം എന്നിവ ബേഡി ബ്രദേഴ്‌സിനെ തേടിയത്തെിയിട്ടുണ്ട്.

More in News

Trending

Recent

To Top