Malayalam
അലന് അലക്സാണ്ടര്‍ ഡൊമനിക് ആയി ദിലീപ്; ആവേശം നിറച്ച് ബാന്ദ്രയുടെ ടീസര്‍
അലന് അലക്സാണ്ടര്‍ ഡൊമനിക് ആയി ദിലീപ്; ആവേശം നിറച്ച് ബാന്ദ്രയുടെ ടീസര്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ജനപ്രിയ നായകന് ദിലീപിന്റെ ആക്ഷന്‍ പാക്കഡ് ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്ത് വിട്ടു. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപിയാണ് ചിത്രം ഒരുക്കുന്നത്. 80, 90 കാലഘട്ടങ്ങളില്‍ മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റര്‍ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്.
അലന് അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയില്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ബാന്ദ്രയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ മാസ് ആക്ഷന്‍ ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്.
ദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിങ്, ധാര സിങ് ഖാറാന, അമിത് തിവാരി, മംമ്ത മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍, ഗണേശ് കുമാര്‍, ശരത് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലായി എത്തും. ദിലീപിന്റെ കരിയറിലെ 147ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര് ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. ദിലീപ് ചിത്രം മെയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തേക്കും. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം -പ്രവീണ്‍ വര്‍മ്മ.
ടീസര്‍ പുറത്തെത്തിയതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തീപ്പൊരി ഐറ്റം, ദിലീപേട്ടന്റെ തിരിച്ചു വരവ്, എന്തൊക്കെ പറഞ്ഞാലും മലയാളികള്‍ക്ക് ഇദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അരുണ്‍ ഗോപി അല്ലേ സംവിധായകന് രാമ ലീല പോലെ കിടിലന്‍ പടം ആകട്ടെ എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ദിലീപിന്റെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വോയ്സ് ഓഫ് സത്യനാഥന് എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
2022 ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2021 ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. 2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല.
