Malayalam
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസ്; ‘മീശ’ വിനീതുമായി തെളിവെടുപ്പ്; രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെത്തി
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസ്; ‘മീശ’ വിനീതുമായി തെളിവെടുപ്പ്; രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെത്തി
കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ ടിക്ടോക് താരം ‘മീശ’ വിനീത് എന്നറിയപ്പെടുന്ന വിനീതുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലാണ് മീശ വിനീതിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു.
മീശ വിനീതിനെയും കൂട്ടാളി ജിത്തുവിനെയും സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മീശ പിരിച്ച് ടിക്ടോക്കില്‍ ആരാധകരെ സ്വന്തമാക്കിയ വിനീത് നേരത്തേ പീ ഡനക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തെത്തിയ ഇയാള്‍ കവര്‍ച്ച കേസില്‍ വീണ്ടും അറസ്റ്റിലാകുകയായിരുന്നു.
കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള കളക്ഷന്‍ തുകയായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് ഇക്കഴിഞ്ഞ 23ന് കവര്‍ച്ചയ്ക്കിരയായത്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കവര്‍ച്ചയ്ക്കായി നഗരൂരില്‍ നിന്ന് ബൈക്കും മോഷ്ടിച്ചു. കവര്‍ച്ചയ്ക്ക് ശേഷം പോത്തന്‍കോട് വച്ച് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. പിന്നീട് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാര്‍ വാങ്ങി തൃശൂരിലേയ്ക്ക് പോവുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഈ കാറും പൊലീസ് കണ്ടെടുത്തു. ഒളിവില്‍ കഴിയവേ വിനീത് ഒരിക്കല്‍ കിളിമാനൂരിലും എത്തിയിരുന്നു.
മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.