News
രണ്ട് വൃക്കകൾക്കും രോഗം ബാധിച്ചു, അതിനിടെ ഹൃദയാഘാതവും; ദിലീപിനെതിരെ രംഗത്തെത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ
രണ്ട് വൃക്കകൾക്കും രോഗം ബാധിച്ചു, അതിനിടെ ഹൃദയാഘാതവും; ദിലീപിനെതിരെ രംഗത്തെത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഈ വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ്. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാർ ചികിത്സയിലാണ്.
രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വൻ പണച്ചിലവ് വരുന്ന സാഹചര്യമാണ്. ഇതോടെ ചികിത്സക്ക് സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.
കുറച്ചുകാലം മുമ്പ് കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും എല്ലാം ബാധിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാർ നീതിക്ക് വേണ്ടി രോഗ കാലത്തും കോടതിയിൽ ഹാജരാകുകയും സാക്ഷി മൊഴി നൽകുകയും ചെയ്തിരുന്നു.
നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്.
ഈ അവസ്ഥിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു. വിചാരണാ ഘട്ടത്തിൽ എല്ലാ ദിവസവം രാവിലെ നാല് മണിക്ക് ഡയാലിസിസ് ചെയ്യും. ഒൻപത് മണിക്ക് പുറത്തിറങ്ങും. പത്ത് മണിക്ക് കോടിയിൽ കയറി രാത്രി എട്ടരവരെ നീളുന്ന വിചാരണയ്ക്ക് ഹാജരായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ബൈപ്പാസ് സർജറിക്കായി നാല് ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സർജറി കഴിഞ്ഞത്. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. ഇപ്പോൾ ഐസിയുവിലേയ്ക്ക് മാറ്റി. ആശുപത്രി ബിൽ ഇനത്തിൽ തന്നെ ഇതിനോടകം 5 ലക്ഷം രൂപ ആയിട്ടുണ്ട്. ബില്ലടക്കാൻ ഉള്ള കാശ് പോലും എവിടെ നിന്നും ലഭിച്ചിട്ടുമില്ലെന്ന് ഭാര്യ ഷീബ പറഞ്ഞു. ഇതുവരെ ചികിത്സ മുന്നോട്ടു പോയത് സുഹൃത്തുക്കളുടെ സഹായം കൊണ്ടായിരുന്നു. ഇപ്പോൾ വീണ്ടും സഹായം ആവശ്യം വന്നിരിക്കയാണെന്നും അവർ പറഞ്ഞു.
അതേസമയം, ഏറെ വിവാദവും കോളിളക്കം സൃഷ്ടിച്ചതുമായ കേസായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. ഈ കേസിലെ വിചാരണാ നടപടികൾ പൂർത്തിയായി വിധി പറയേണ്ട ഘട്ടത്തിലാണ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് ആകട്ടെ സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.