എലിസബത്തിന്റെ ഫോട്ടോ കറുപ്പ് ഷേഡ് നല്‍കി മറച്ച് ബാല; എന്ത് സംഭവിച്ചുവെന്ന് തിരക്കി ആരാധകര്‍; വൈറലായി വീഡിയോ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്.
വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് ബാല പറഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച ഭാഗ്യമാണ് എലിസബത്ത് എന്നായിരുന്നു പല അഭിമുഖങ്ങളിലും ബാല തുറന്ന് പറഞ്ഞത്. ബാലയുടെ വീഡിയോകളിലെല്ലാം എലിസബത്ത് നിറഞ്ഞ് നിന്നിരുന്നു. സ്‌നേഹം പങ്കുവെച്ചുള്ള നിരവധി വീഡിയോകള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. കരള്‍ രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ ബാല ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും ബാലയ്‌ക്കൊപ്പം തന്നെയായിരുന്നു എലിസബത്ത്.
എന്നാല്‍ ഇതിന് ശേഷം എലിസബത്തിനേയും ബാലയേയും ആരാധകര്‍ ഒരുമിച്ച് കണ്ടിട്ടില്ല. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞോയെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് തന്റെ ജോലി സ്ഥലത്ത് നിന്നുള്ള നിരവധി വീഡിയോകള്‍ എലിസബത്ത് പങ്കിട്ട് തുടങ്ങി. മാത്രമല്ല ബാലയുമായി ഒരുമിച്ച് അല്ലെന്ന് സൂചന നല്‍കി കൊണ്ടുള്ള നിരവധി പോസ്റ്റുകളും എലിസബത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
‘സാധ്യമായതെല്ലാം നമ്മള്‍ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും’, എന്നായിരുന്നു ഒരിക്കല്‍ എലിസബത്ത് കുറിച്ചത്. ‘നിങ്ങള്‍ക്ക് എതിരെയല്ല,ഒപ്പം പോരാടുന്ന പ്രണയമാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്’ എന്നായിരുന്നു മറ്റൊരു അവസരത്തില്‍ പങ്കിട്ടത്. ഈ കുറിപ്പുകള്‍ക്ക് താഴെയെല്ലാം ഡിവോഴ്‌സ് ആയോ നിരവധി പേര്‍ ചോദിച്ചെങ്കിലും എലിസബത്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. ബാലയും ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നു.
എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ ശരിവെയ്ക്കുന്നൊരു വീഡിയോ ആണ് ബാല പങ്കിട്ടിരിക്കുന്നത്. ‘അഴകാ മലര്‍ന്തതും എങ്കോ മുടിവതും കാതല്‍’ എന്ന പാട്ടിനൊപ്പമാണ് വീഡിയോ. ലൗ എന്ന ഹാഷ് ടാഗും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. നിരവധി ഫോട്ടോകള്‍ ചേര്‍ത്ത് വെച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മകള്‍ പാപ്പുവും ബാലയുമെല്ലാമുണ്ട് വീഡിയോയില്‍.
ഇതില്‍ ഒരു ഫോട്ടോ ബാല എലിസബത്തിന്റെ തോളില്‍ ചാഞ്ഞ് കിടക്കുന്നതാണ്. എന്നാല്‍ എലിസബത്തിന്റെ ഫോട്ടോ കറുപ്പ് ഷേഡ് നല്‍കി പകുതി മറച്ചിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത് എന്നാണ് ചിലരുടെ ചോദ്യം. ശരിക്കും വേര്‍പിരിഞ്ഞോ എന്താണ് സംഭവിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. വേര്‍പിരിഞ്ഞെങ്കില്‍ പിന്നെ എന്തിന് ലൗ എന്ന ഹാഷ് ടാഗോടെ വീഡിയോ പങ്കിടണം എന്ന് ചോദിക്കുന്നവരും കുറവല്ല.
അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല. ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’
‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
