കുട്ടിക്കാലത്ത് മോഷണശ്രമത്തിനിടെ വീട്ടുജോലിക്കാരി തടവിലാക്കിയ സംഭവം വിവരിച്ച് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയയും ഇംതിയാസ് അലിയുടെ മകള്‍ ഐഡ അലിയും. മാതാപിതാക്കള്‍ പുറത്തുപോയപ്പോഴാണ് സംഭവമുണ്ടായത്. മുത്തശ്ശിയെ മുറിയില്‍ പൂട്ടിയിടുകയും ഇവരെ കസേരയില്‍ കെട്ടിയിടുകയുമായിരുന്നു. പോഡ്കാസ്റ്റിലാണ് ഇരുവരും തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
കുട്ടിക്കാലത്ത് ആലിയയും ഐഡയും ഒരേ അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിലാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ ഇവരുടെ മാതാപിതാക്കള്‍ ഒന്നിച്ച് പുറത്തുപോയി. മുത്തശ്ശിയുള്ളതിനാല് ആലിയയുടെ വീട്ടില്‍ നിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ആ സമയത്ത് വീട്ടിലെ ജോലിക്കാരിയും അവിടെയുണ്ടായിരുന്നു എന്നാണ് ആലിയ പറയുന്നത്.’മാതാപിതാക്കള്‍ പോയപ്പോള്‍ ചേച്ചി മുത്തശ്ശിയെ മുറിയില്‍ പൂട്ടിയിട്ടു.
എന്റെയും ഐഡയുടേയും വായ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും കൈകള്‍ കസേരയില്‍ കെട്ടുകയുമായിരുന്നു. മരിക്കാന്‍ പോവുകയാണെന്ന് കരുതി ഞങ്ങള്‍ കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. വീട്ടില്‍ മോഷണം നടത്തുന്നതിനുവേണ്ടിയാണ് ചേച്ചി അത് ചെയ്തത്.
വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവുമെല്ലാം ചേച്ചി മോഷ്ടിച്ചു. ഭാഗ്യത്തിന് എന്റെ അമ്മ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറന്നുവച്ച എന്തോ എടുക്കാനായി വന്നു. അവിടെ സംഭവിച്ചതെല്ലാം കണ്ടു. എല്ലാവരേയും വിളിച്ച് അറിയിച്ചു. അവരെല്ലാം ഞെട്ടിപ്പോയി. ഞങ്ങള്‍ ശരിക്ക് പേടിച്ചുപോയിരുന്നു. പക്ഷേ സമയത്ത് ഞങ്ങള്‍ ഒറ്റയ്ക്കായി പോയിരുന്നെങ്കില്‍ കൂടുതല്‍ ഭയന്നേനെ.’ ആലിയ പറഞ്ഞു.