News
ഗുഡ് സ്പിരിറ്റ് വരണേ എന്നും പറഞ്ഞ് നന്നായി പ്രാര്‍ത്ഥിച്ചു, കോയിന്‍ അനങ്ങി തുടങ്ങിയതും ഠേ എന്നൊരു ശബ്ദം; ഓജോ ബോര്‍ഡ് കളിച്ച അനുഭവം പങ്കുവെച്ച് അനു സിത്താര
ഗുഡ് സ്പിരിറ്റ് വരണേ എന്നും പറഞ്ഞ് നന്നായി പ്രാര്‍ത്ഥിച്ചു, കോയിന്‍ അനങ്ങി തുടങ്ങിയതും ഠേ എന്നൊരു ശബ്ദം; ഓജോ ബോര്‍ഡ് കളിച്ച അനുഭവം പങ്കുവെച്ച് അനു സിത്താര
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ ഏറെയും നാടന്‍ പെണ്‍കുട്ടിയുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. അനു സിതാരയെ മലയാള സിനിമയില്‍ വേറിട്ടു നിര്‍ത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
വിവാഹിതയായ ശേഷമാണ് അനു അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ട്വല്‍ത്ത് മാന്‍ സിനിമയുടെ ലൊക്കേഷനില്‍ ഓജോ ബോര്‍ഡ് കളിച്ച ഓര്‍മ്മ പങ്കുവെക്കുകയാണ് അനു സിത്താര. ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അനു മനസ് തുറന്നത്. മമ്മൂക്ക ഫാനാണെങ്കിലും ലാലേട്ടനെ ഇഷ്ടമാണ്. മമ്മൂക്കയെ കാണുന്നതിനും മുമ്പേ ആദ്യം കാണുന്നത് ലാലേട്ടനെയാണെന്നാണ് അനു പറയുന്നത്. പൊട്ടാസ് ബോംബിന്റെ ലൊക്കേഷനില്‍ പോയപ്പോഴാണ് കാണുന്നത്.
കോഴിക്കോട് റെഡ് വൈന്റെ ചിത്രീകരണം നടക്കുന്ന ലൊക്കേഷനില്‍ വച്ചാണ് കണ്ടതെന്നും താരം പറയുന്നു. അന്നെടുത്ത ഫോട്ടോ ഞാന്‍ ഇപ്പോഴും സേവ് ചെയ്ത് വച്ചിട്ടുണ്ട്. ഞാനന്ന് ഒരു പച്ച ചുരിദാറായിരുന്നു ധരിച്ചിരുന്നത്. 2012ലാണ്. പിന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചുവെന്നും താരം പറയുന്നു. പിന്നാലെ, ട്വല്‍ത്ത് മാനിന്റെ ലൊക്കേഷനില്‍ ഓജോ ബോര്‍ഡ് കളിച്ച് പണി കിട്ടിയോ? എന്നാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നത്. ഇതോടെ താരം ആ കഥ പറയുകയായിരുന്നു. ‘
പേരു പോലെ തന്നെ പന്ത്രണ്ട് പേരാണ് ചിത്രത്തിലുള്ളത്. കൊവിഡ് കാലമായിരുന്നതിനാല്‍ എല്ലാവരും ഒരുമിച്ച് ഒരു റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെ തന്നെയായിരുന്നു ഷൂട്ടും നടന്നിരുന്നത്. ചന്തുചേട്ടന്‍, അനുശ്രീ ചേച്ചി, അതിഥി, ശിവദ ചേച്ചി, അനു മോഹന്‍, അനുവിന്റെ ഭാര്യ എല്ലാവരുമുണ്ട്. ഇത്രയും പേരുണ്ടാകുമ്പോള്‍ രാത്രിയാകുമ്പോള്‍ അന്താക്ഷരി കളിക്കലും മറ്റുമൊക്കെയുണ്ട്. ഒരു ദിവസം ചന്തു ചേട്ടന്‍ കുറച്ച് പ്രേതകഥകളൊക്കെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഇന്ന് നമുക്ക് ഓജോ ബോര്‍ഡ് കളിക്കാം പ്രേതം വരുമോ എന്ന് നോക്കാമെന്ന് തീരുമാനിച്ചു.
ബോര്‍ഡൊന്നുമില്ല. അനു മോഹന്‍ യൂട്യൂബില്‍ നോക്കി വരച്ചൊക്കെയാണ് ഉണ്ടാക്കിയത്. സംഭവം ചന്തുച്ചേട്ടനും അനു മോഹനും കൂടെ ഞങ്ങളെ പറ്റിക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ഇത് ഞങ്ങള്‍ അറിയുന്നില്ല. ഞങ്ങള്‍ കൊയിനൊക്കെ വച്ച് ഭയങ്കര പ്രാര്‍ത്ഥനയാണ്. ഗുഡ് സ്പിരിറ്റ് വരണേ എന്നും പറഞ്ഞ്. അതിന് മുന്നേ പ്രേതക്കഥയൊക്കെ പറഞ്ഞതിനാല്‍ അതിന്റെ പേടിയുമുണ്ട് ഉള്ളില്‍.
ചെറുതായിട്ട് കോയിന്‍ അനങ്ങി തുടങ്ങി. ഏതോ ഒരു പേരിലേക്കൊക്കെ പോയി. സത്യത്തില്‍ ചന്തുചേട്ടനാണ് കോയിന്‍ അനക്കുന്നത്. ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായി കളിക്കുകയാണ്. പെട്ടെന്ന് എന്റെ തൊട്ടു പിന്നിലെ ജനലില്‍ ഠേ എന്ന് പറഞ്ഞ് ആരോ അടിച്ചു. ഞാന്‍ പേടിച്ച് കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ് അനുശ്രീ ചേച്ചിയുടെ പിന്നില്‍ പോയി ഒളിച്ചിരുന്നു. പേടിയായി. പ്രേതം വന്നു.
പേടിക്കരുത്, പേടിച്ചാല്‍ പോകും, പേടിയല്ല സ്‌നേഹമാണ് വേണ്ടതെന്ന് ചന്തു ചേ്ട്ടന്‍ പറഞ്ഞു. ശരി ശരിയെന്ന് പറഞ്ഞ് വീണ്ടും ഇരുന്നു. എന്തായാലും വരുമെന്ന് മനസിലായല്ലോ. ഇവരാണെങ്കില്‍ ചിരിക്കുന്നത് പോലുമില്ല. ചന്തു ചേട്ടന്റേയും അനു മോഹന്റേയും മുഖത്തൊരു ഭാവവുമില്ല. ഞങ്ങളേക്കാള്‍ സീരിസാണ്. അതിഥി വളരെ സീരിയസായി ചെയ്യുകയാണ്. വീണ്ടും നിശബ്ദമായി ഇരിക്കുമ്പോള്‍ ജനലില്‍ വന്നടിച്ചു.
അപ്പോള്‍ പേടിച്ചുവെങ്കിലും ഇതിലെന്തോ സംഭവം ഉണ്ടല്ലോ എന്ന് തോന്നി. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് സാര്‍ അടിച്ചിട്ട് ഓടുന്നു. ഇവര്‍ നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നതാണ്. എന്ന് പറഞ്ഞാണ് അനു സിത്താര കഥ നിര്‍ത്തുന്നത്. നിരവധി സിനിമകളാണ് അനുവിന്റേതായി അണിയറയിലുള്ളത്. മലയാളത്തിന് പുറമെ തമിഴിലും അനുവിന്റേതായ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.