Bollywood
വയലന്‍സും സ്ത്രീ വിരുദ്ധതയും; ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കപ്പെടുന്നത്; ‘ആനിമല്‍’ ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി
വയലന്‍സും സ്ത്രീ വിരുദ്ധതയും; ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കപ്പെടുന്നത്; ‘ആനിമല്‍’ ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി
രണ്‍ബിര്‍ സിംഗിനെ നായകനാക്കി ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് ആനിമല്‍. റിലീസ് ചെയ്ത് ആദ്യ ദിവസം മുതല്‍ തന്നെ ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും മറ്റും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
‘നിലവില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഏറ്റവും സത്യസന്ധനും ദുര്‍ബലനും സ്‌നേഹനിധിയുമായ മനുഷ്യനാണ്. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവര്‍ എന്ത് ചിന്തിച്ചാലും ഞാന്‍ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു.
അനിമല്‍ ഞാന്‍ രണ്ട് തവണ കണ്ടു, ദീര്‍ഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം നല്ലതാണെങ്കിലും മോശമാണെങ്കിലും നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു.’ എന്നാണ് അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇത്തരമൊരു സ്‌റ്റേറ്റ്‌മെന്റിന് ശേഷം അനുരാഗ് കശ്യപിനെതിരെയും നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.
ഇപ്പേഴിതാ തിയേറ്റര്‍ റിലീസിന് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. ടോക്‌സിസിറ്റിയും വയലന്‍സും സ്ത്രീ വിരുദ്ധതയും ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ട് തന്നെ ചിത്രം ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്നാണ് ആവശ്യം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരു സ്ത്രീ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. ‘ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമല്‍ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതില്‍ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ, ഒരു ഭര്‍ത്താവിന് ഒരു ഭാര്യ എന്ന ആശയത്തെയാണ് ഇത് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക.’ എന്നാണ് അവര്‍ കുറിച്ചത്.
നടി രാധിക ശരത്കുമാറും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമ കണ്ടിട്ട് ആര്‍ക്കെങ്കിലും ക്രിഞ്ച് ആയി അനുഭവപ്പെട്ടിട്ടുണ്ടോ ഒരു പ്രത്യേക സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. വലിയ രീതിയില്‍ ദേഷ്യം തോന്നുന്നു.’ എന്നാണ് രാധിക ശരത്കുമാര്‍ എക്‌സില്‍ കുറിച്ചത്. ഇത്രയും ടോക്‌സിക് ആയ ഒരു സിനിമ സമൂഹത്തെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യില്ലേ എന്നാണ് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്.
