Actress
എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ
എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭർത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗർഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും അടിക്കടി താരം പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറയുന്ന കാര്യങ്ങളാണ് വൈറലായി മാറുന്നത്. ഗർഭകാലമാണ് എന്നെ ഒരുപാട് മാറ്റിയത്. ‘ഞാൻ’ എന്ന എന്റെ മുൻഗണന മാറി. ആ ‘ഞാൻ’ എവിടെ എന്ന് പോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി. വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല.
പത്തും പന്ത്രണ്ടും മണിക്കൂറും ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവന് വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ. ഞാനും ജഗത്തും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിന് ശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്.
എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ പൂർണതയിലേക്ക് എത്തിച്ചു. ഇലൈ വന്നതിന് ശേഷമാണ് ഞാൻ ക്ഷമ എന്താണെന്ന് പഠിച്ചത്.
ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കിൽ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും. കുഞ്ഞ് പിറന്നതിന് ശേഷം പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂർവമായാണ് ഇത് നടത്തുന്നത്. കുഞ്ഞിനോടൊപ്പമാണ് പ്ലാസൻറയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
അമ്മയായ സ്ത്രീയുടെ അതുവരെയുള്ള മുഴുവൻ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് സങ്കൽപം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അർഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്. എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട് ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ആദ്യം കണ്ടപ്പോൾ പിക്കപ് ലൈൻ പോലെ ‘ക്യാൻ ഐ ബറി യുവർ പ്ലാസന്റ’ എന്നു ചോദിക്കുമായിരുന്നു എന്നാണെന്നും അമല പോൾ പറഞ്ഞു.
