Bollywood
അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട്
അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട്
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ ആലിയയുടെ എല്ലാ ലുക്കും പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകായണ് നടി.
കാൻ ഫിലിം ഫെസ്റ്റിവലിനെത്തിയ ആലിയ ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിക സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്നായിരുന്നു ആലിയയോടുള്ള ചോദ്യം. ഇതിന് മറുപടി നൽകവെയാണ് ഫഹദ് ഫാസിലിനെ കുറിച്ച് നടി പറഞ്ഞത്.
അങ്ങനെ പ്രാദേശികമെന്ന് വേർതിരിച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്. അന്തർദേശീയമായ ഒരു പ്ലാറ്റ്‍ഫോമിലേക്ക് (ഒടിടി) എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രകാശനം ലഭിക്കുന്നു എന്നത് ഇന്നിൻറെ വലിയ നേട്ടമാണ്. ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് അവ എല്ലാവർക്കും കാണാൻ അവസരം ലഭിക്കുന്നു.
ഓസ്‍കർ ലഭിച്ച ഫിലിപ്പീൻസിൽ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷൻ കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നു.അതിനുള്ള അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷം തോന്നി, ആലിയ പറഞ്ഞു. ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് തിരിച്ചുവന്നാൽ കഴിവുറ്റ ഒരുപാട് അഭിനേതാക്കൾ ഇവിടെയുണ്ട്. ഡാർലിംഗ്സ് എന്ന ചിത്രത്തിൽ റോഷൻ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു.
മലയാളത്തിൽ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോൾ ഹിന്ദിയിലും തരംഗം തീർക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസിൽ. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് എന്നും ആലിയ പറഞ്ഞു.
