News
വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മ്മജന്
വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മ്മജന്
2023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ചിത്രത്തെ തിരഞ്ഞെടുത്ത വിവരമെല്ലാം അടുത്തിടെയാണ് പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ ചിത്രത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയതായി പറയുകയാണ് ചിത്രത്തിന്റെ തിരക്കഥകൃത്ത് അഖില്‍ പി ധര്മ്മജന്.
തിരുവനന്തപുരം വെള്ളയാനിയില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് എത്തിയ അഖില്‍ കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു.
‘രാത്രിയോടെ കായലിന് അടുത്ത പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറും എന്ന അവസ്ഥയായി. അതേ തുടര്‍ന്ന് അവിടുന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. അവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനിടെ അവിടെ ചില പട്ടികള്‍ ഉണ്ടായിരുന്നു. അവയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോള്‍ പാമ്പ് കടിയേറ്റു. മൂര്‍ഖനാണ് കടിച്ചത് എന്നാല്‍ വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ഇപ്പോള്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഭയക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകീട്ടോടെ ആശുപത്രി വിടും എന്ന്’ മാധ്യമങ്ങളോട് അഖില്‍ പ്രതികരിച്ചു.
അതേസമയം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ പുലര്‍ച്ചെയും ശക്തമായി തന്നെ പെയ്യുകയായിരുന്നു. നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുകയായിരുന്നു. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂര്‍, വെള്ളായണി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടായിരുന്നു.
കേരളത്തിലെ 2018 പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ സഹരചിതാവാണ് നോവലിസ്റ്റായ അഖില്‍ പി ധര്മ്മജന്. ഒസ്കാര്‍ അവാര്‍ഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്റ്, റാം കെയര്‍ ഓഫ് ആനന്ദി എന്നീ നോവലുകളിലൂടെ പ്രശസ്തനാണ് യുവ എഴുത്തുകാരനായ അഖില്‍.
