News
നടന്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
നടന്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാസിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടു. താരം ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മഗിഴ് തിരുമേനി ഒരുക്കുന്ന ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണ വേളയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി’, എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ പങ്കുവെച്ചത്. അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ‘വിടാമുയര്‍ച്ചി’ നിര്‍മിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അജിത്തിന്റെ കരിയറിലെ 62ാം ചിത്രമാണിത്.
അസെര്‍ബെയ്ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ശതമാനം മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്. വിടാമുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.
അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുന്‍നിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
