Actress
‘വീണ്ടും എന്റെ ഗുരുവിനൊപ്പം’, വൈറലായി ഐശ്വര്യയുടെ വാക്കുകള്‍
‘വീണ്ടും എന്റെ ഗുരുവിനൊപ്പം’, വൈറലായി ഐശ്വര്യയുടെ വാക്കുകള്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. പൊന്നിയിന്‍ സെല്വന് ശേഷം വന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്.
കമലഹാസന് നായകനാകുന്ന ചിത്രത്തില്‍ ജയം രവി, തൃഷ, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പ്രഖ്യാപനം മുതല്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ യുവതാരം ഗൗതം കാര്‍ത്തിക്കിന്റെയും നടന് ജോജു ജോര്‍ജ്ജിന്റെയും കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മിയ്ക്കും മണിരത്നം ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ കാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും ഐശ്വര്യ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.
സന്തോഷവാര്‍ത്ത ഐശ്വര്യ ലക്ഷ്മിയും ആരാധകരുമായി പങ്കുവച്ചിരുന്നു. ‘വീണ്ടും എന്റെ ഗുരുവിനൊപ്പം, ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’.എന്നായിരുന്നു തഗ് ലൈഫിലെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ഐശ്വര്യ എക്സില്‍ കുറിച്ചത്.
മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷമാണ് കമല്‍ഹാസനും മണിരത്നവും വീണ്ടും ഒരുമിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മണിരത്നത്തിനൊപ്പം സംഗീത സംവിധായകന് എ.ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍.
