News
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി രജനികാന്ത്
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി രജനികാന്ത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് നടന്. അടുത്തിടെ തന്റെ എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ച രജനികാന്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തിരുപ്പതിയിലെത്തിയത്.
ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് ഉഷ്മളമായ സ്വീകരണം നല്കി വരവേറ്റു. ഇന്ന് രാവിലെയാണ് രജനികാന്ത് മകള്‍ക്കൊപ്പം ദര്‍ശനം നടത്തിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്.
രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന ജയിലര്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന് ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.
ഐശ്വര്യ രജനികാന്ത് വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘ലാല്‍ സലാം’ എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര് റഹ്മാന് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
