Malayalam
കാശ്മീര്‍ ഫയല്‍സ് ആരെയൊക്കെയോ സന്തോഷിപ്പിക്കാനായി മേളകളിലേയ്ക്ക് തിരുകിക്കയറ്റിയത്; അടൂര്‍ ഗോപാലകൃഷ്ണന്
കാശ്മീര്‍ ഫയല്‍സ് ആരെയൊക്കെയോ സന്തോഷിപ്പിക്കാനായി മേളകളിലേയ്ക്ക് തിരുകിക്കയറ്റിയത്; അടൂര്‍ ഗോപാലകൃഷ്ണന്
അന്താരാഷ്ട്ര സിനിമാമേളകളില്‍ കാണിക്കാന്‍ അതിനൊത്ത നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. അതിനു പകരം സിനിമാതിരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഗോവ ചലച്ചിത്രമേളയിലെ കാശ്മീര്‍ ഫയല്‍ വിവാദത്തെക്കുറിച്ച് അടൂര്‍ പ്രതികരിച്ചു.
‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. താന്‍ കാശ്മീര്‍ ഫയല്‍സ് ചിത്രം കണ്ടിട്ടില്ലെന്നും കേട്ടിടത്തോളം പ്രചാരണസ്വഭാവമുള്ള സിനിമയാണെന്നും അടൂര്‍ പറഞ്ഞു. ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേയ്ക്ക് തിരുകിക്കയറ്റിയതാണെന്ന് സംശയിക്കുന്നുവെന്നും അടൂര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇത്തരമൊരു സ്മൃതിചിത്രം ഒരുക്കിയത് അംഗീകാരമായി കാണുന്നുവെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഇരുപതുവര്‍ഷം മുമ്പ് ഇതുപോലൊരു സ്മൃതിചിത്രം ഇവിടെ ഒരുക്കിയിരുന്നു. ‘സ്വയംവരം’ എന്ന ചിത്രത്തിന് പിന്നില്‍ കഷ്ടപ്പാടിന്റെ ഒട്ടേറെ കഥകള്‍ പറയാനുണ്ട്.
എന്നാല്‍, ദേശീയതലത്തിലുള്‍പ്പടെ ശ്രദ്ധിക്കപ്പെട്ടത് ഏറെ സന്തോഷമുണ്ടാക്കി. കഷ്ടപ്പാടുകള്‍ക്കു ഫലമുണ്ടായെന്നും ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലെ സി.ഡി. ദേശ്മുഖ് ഓഡിറ്റോറിയത്തില്‍ നടന്ന ‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിച്ചു. ഡി.എം.എ. പ്രസിഡന്റ് കെ. രഘുനാഥ് അടൂര്ഗോപാലകൃഷ്ണന് പൊന്നാട ചാര്‍ത്തി, ഫലകം സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനുമായ വി.കെ. ചെറിയാന്, രാജീവ് മെഹ്റോത്ര എന്നിവര്‍ ആശംസ നേര്‍ന്നു. ശേഷം ‘സ്വയംവരം’ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
