News
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ഇഡി, നടി തെളിവുകള്‍ നശിപ്പിച്ചുവെന്നും ആരോപണം
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ഇഡി, നടി തെളിവുകള്‍ നശിപ്പിച്ചുവെന്നും ആരോപണം
ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയ്ക്കെതിരെ രംഗത്തെത്തി ഇഡി. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആരോപണ വിധേയയായ ജാക്വിലിന് അന്വേഷണം നേരിടുന്നത്. നടി ഒരിക്കലും അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും തെളിവുകള്‍ ലഭിച്ചപ്പോള്‍ മാത്രമാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഏജന്‍സി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കടക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനാല്‍ അതിന് സാധിച്ചില്ലെന്നും ഇഡി വ്യക്തമാക്കി. നടി തെളിവുകള്‍ നശിപ്പിച്ചുവെന്നും ഇഡി ആരോപിച്ചു. നടിയുടെ ഇടക്കാല ജാമ്യം ഡല്‍ഹി കോടതി നീട്ടി. നവംബര്‍ 10 വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. എല്ലാ കക്ഷികള്‍ക്കും കുറ്റപത്രവും മറ്റ് പ്രസക്തമായ രേഖകളും നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യം ഉള്‍പ്പെടെയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 10ന് പരിഗണിക്കും. ഓഗസ്റ്റ് 17നാണ് കേസില്‍ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നാല് തവണ നടിയെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. നടിക്ക് വിദേശയാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് സുകേഷ് വെളിപ്പെടുത്തിയിരുന്നു.
ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ പേരിലുള്ള ഏഴ് കോടിയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. നടിയുടെ സ്ഥിര നിക്ഷേപം ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയിരുന്നത്.
സുകേഷ് ചന്ദ്രശേഖര്‍ തട്ടിയ 200 കോടിയില്‍ 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വലിന് നല്‍കിയെന്നും ഇഡി ആരോപിച്ചിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നല്‍കിയത്.
