Actress
അങ്ങനെ അതും എത്തി; ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി നടി ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അങ്ങനെ അതും എത്തി; ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി നടി ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹത്തിന് മുമ്പും ശേഷവും അങ്ങനെ വിശേഷ ദിവസങ്ങളെല്ലാം ഒപ്പിയെടുത്ത് സൂക്ഷിച്ചുവെയ്ക്കുന്ന ഫോട്ടോഷൂട്ട് എന്ന ആശയം ട്രെന്‍ഡിംഗ് ആയിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ. ഇപ്പോഴിതാ ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സീരിയല്‍ നടി.
തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ താരം ശാലിനിയാണ് ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ശേഷം ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത്. ‘ജീവിതത്തില്‍ 99 പ്രശ്‌നങ്ങള്‍ ഉണ്ടാവും, അതിലൊന്ന് ഭര്‍ത്താവല്ല’, ഭര്‍ത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുകയും ചെയ്യുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
ഡിവോഴ്‌സ് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങള്‍ മാല പോലെ കോര്‍ത്തു കയ്യില്‍ പിടിച്ചിരിക്കുന്നതും കാണാം. താന്‍ കരുത്തയായ ഒരു സിംഗിള്‍ മദര്‍ കൂടിയാണ് എന്ന് ശാലിനി തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. സ്‌റ്റൈലിഷ് ചിത്രങ്ങളുമായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട്. ചുവപ്പു നിറമുള്ള റെഡ് സ്ലിറ്റ് ഡ്രസ്സ് ആണ് ശാലിനി ധരിച്ചിരിക്കുന്നത്.
പ്രയാസകരമായ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ശാലിനിയുടെ വാക്കുകള്‍. ഇന്‍സ്റ്റാഗ്രാമിലാണ് ഇവര്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘ശബ്ദമില്ലെന്നു തോന്നുന്നവര്‍ക്ക് വിവാഹമോചിതയായ സ്ത്രീയുടെ സന്ദേശം. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല.
സന്തോഷവതിയായിരിക്കാന്‍ അര്‍ഹതയുള്ളതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക, നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക… വിവാഹമോചനം ഒരു പരാജയമല്ല! ഇത് നിങ്ങള്‍ക്കുള്ള ഒരു വഴിത്തിരിവാണ്, നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍.
വിവാഹ ജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ വളരെയധികം ധൈര്യം ആവശ്യമാണ്… എല്ലാ ധൈര്യശാലികള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു, എന്നായിരുന്നു ‘ശാലിനിയുടെ പ്രൊഫൈലില്‍ പങ്കിട്ട ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഇത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്.
‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. അതേസമയം, നിരവധി പേരാണ് ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിവാഹമോചനത്തിനു മുന്നില്‍ ധീരയായി നിലകൊള്ളുന്ന ശാലിനിയെ ചിലര്‍ അഭിനന്ദിക്കുമ്പോള്‍ താരത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്തെത്തുന്നുണ്ട്.
ഈ ആശയം മറ്റുള്ളവര്‍ക്ക് പ്രചോദനമാകേണ്ട ഒന്നാണെന്നും സന്തോഷം പോലെ തന്നെ സങ്കടവും ആഘോഷിക്കണമെന്നും പലരും പറയുന്നു. മാത്രമല്ല, വിവാഹം പോല തെന്നെ വിവാഹമോചനവും ജീവിതത്തിലെ ഒരു വഴിത്തിരിവാണെന്നും പലരും അത് തിരിച്ചറിയുന്നില്ലെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ഇത്തരം പ്രവണത വളരെ മോശമാണെന്നും വേര്‍പിരിഞ്ഞിട്ടും ഭര്‍ത്താവിനെ അപമാനിക്കുന്നതാണ് ഇത്തരം ശീലങ്ങളെന്നും നാളെ പലരും ഇതിനപ്പുറമുള്ള ഫോട്ടോഷൂട്ടുകളുമായി എത്തുമെന്നും പലരും അഭിപ്രായപ്പെടുന്നു. ജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമുണ്ടോയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു.
