Malayalam
ഏതാണ്ട് വിധി വരാൻ ആവുന്ന സമയത്ത് ജനങ്ങളെയും കോടതിയെയും വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ പുതിയ അടവ്; വിമർശിച്ച് ദിലീപ് ആരാധകർ
ഏതാണ്ട് വിധി വരാൻ ആവുന്ന സമയത്ത് ജനങ്ങളെയും കോടതിയെയും വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ പുതിയ അടവ്; വിമർശിച്ച് ദിലീപ് ആരാധകർ
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഒന്നാം പ്രതിയായ പൾസർ സുനി രംഗത്തെത്തിയിരിക്കുകയാണ്.
ദിലീപിനെ താൻ അല്ല തന്നെ ദിലീപാണ് ചതിച്ചതെന്നാണ് പൾസർ സുനി പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിനെ തന്നെ നായകനാക്കി ഒരു സിനിമ പിടിക്കലായിരുന്നു ലക്ഷ്യമെന്നും കാമുകിക്ക് വാക്ക് കൊടുത്തതിനാലാണ് അതിജീവിതയെ ചില കാര്യങ്ങൾ ചെയ്യാതിരുന്നതെന്നും ആണ് സുനി പറയുന്നത്. നടനെ ആക്രമിക്കാൻ ദിലീപ് നൽകിയത് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനായിരുന്നു, ദിലീപിന്റെ കുടുംബം തകർത്തതാണ് വൈരാഗ്യത്തിന് കാരണം എന്ന് തുടങ്ങിയ ആരോപണങ്ങളാണ് പൾസർ സുനി ആരോപിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മധ്യവേനൽ അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന് പിന്നാലെയാണ് സുനിയുടെ വെളിപ്പെടുത്തലുകൾ.
അതേസമയം, സുനിയുടെ വെളിപ്പെടുത്തലുകൾ ചാനലുകളും അദ്ദേഹവും ചേർന്ന് നടത്തിയ ‘നാടകമാണ്’ എന്ന രീതിയിലാണ് ദിലീപ് അനുകുലികൾ പ്രതികരിക്കുന്നത്. സ്റ്റിങ് ഓപ്പറേഷനെ പരിഹസിച്ചുകൊണ്ട് പാപ്പി അപ്പച്ച എന്ന ചിത്രത്തിൽ വ്യാജ വാർത്ത സൃഷ്ടിക്കുന്ന രംഗത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ദിലീപ് ആരാധക കൂട്ടായ്മായ ‘ദിലീപ് ഓൺലൈൻ’ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെയായി നിരവധി ആളുകളാണ് നടനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ദിലീപിന്റെ അടുത്ത പടം വരുന്നുണ്ട്. ആ സാഹചര്യത്തിലുള്ള സ്ഥിരം കലാപരിപാടിയാണ് ഇത്. അദ്ദേഹത്തെ ഏത് വിധേനയും പൂട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ദിലീപ് അനുകൂലികൾ പറയുന്നു.
ഇത് വെറും ഒളിക്യാമറ നാടകമാണെന്നാണ് ഒരാൾ കുറിച്ചത്. ‘ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഏറ്റവും കൂടുതൽ നിന്നു എന്ന പ്രതീതി ഉണ്ടാക്കുന്ന രീതിയിൽ ദിലീപിനെതിരെ ഏറ്റവും കൂടുതൽ രൂക്ഷമായി നിരന്തരം വാർത്ത ചെയ്ത ചാനൽ ഇപ്പോ ഇതാ കേസിലെ പ്രധാന പ്രതിയുടെ കൂടെ ഒരു ഒളിക്യാമറ നാടകം. ഒരേസമയം ഇരയുടെ കൂടെയും വേട്ടക്കാരന്റെ കൂടെയും ദിലീപിനെ ലക്ഷ്യം വെച്ച് നിൽക്കുന്നു.’ കുറിപ്പിൽ അഭിപ്രായപ്പെടുന്നുണ്ട്.
കേസിന്റെ അന്തിമ വാദം ഏതാണ്ട് പൂർത്തിയായി ഏതാണ്ട് വിധി വരാൻ ആവുന്ന സമയത്ത് ജനങ്ങളെയും കോടതിയെയും വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ പുതിയ അടവ്. ദിലീപിന് അനുകൂലമായി വിധി വന്നാലും ഇതൊക്കെ കാണിച്ചു കോടതിയെ വിലക്കെടുത്തതാണ് എന്ന പ്രതീതി ഉണ്ടാക്കാമല്ലോ. ഇതിനൊക്കെ പിന്നിൽ വലിയ രീതിയിൽ പണം മുടക്കാൻ ആൾക്കാരുണ്ട് എന്ന് ഏതാണ്ട് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.
റിപ്പോർട്ടർ ചാനൽ എന്തോ വലിയ കാര്യം പുറത്തുവിടും പോലെ 8 മണിക്ക് ഒരു നനഞ്ഞ പടക്കം പൊട്ടിച്ചിട്ടുണ്ടെന്നാണ്. ഈ സമയത്ത് ഇത്തരത്തിലുള്ള വാർത്ത സംശയിക്കേണ്ടിയിരിക്കുന്നു. വിധി പറയാൻ കുറച്ച് നാൾ മാത്രം ബാക്കി നിൽക്കെയാണ് എന്തോ ഒരു പുതിയ സംഭവം പോലെ മുഖം മൂടി വലിച്ചു കീറുന്നു എന്ന തരത്തിൽ വാർത്ത കൊടുത്തതെന്നും അദ്ദേഹം പറയുന്നു.
എനിക്ക് ഇതിൽ സംശയം തോന്നിയ ഭാഗം എന്തെന്നാൽ കാറിനുള്ളിൽ നടന്ന സംഭവം വ്യക്തമായി എന്താണെന്ന് അതിജീവിതയ്ക്ക് അറിയാം അത് അവർ അവരുടെ വക്കീലിനോടും അന്വേഷ്ണ ഉദ്യോഗസ്ഥരോടും കോടതിയോടും വെളിപ്പെടുത്തിയിട്ടുണ്ടാകണം. ഒരു പക്ഷേ കേസ് കോടതിയുടെ പരിഗണനയിൽ ആയതു കൊണ്ടാകണം അതിജീവിത എന്താണ് സംഭവമെന്ന് പുറത്ത് പറയാതിരുന്നത്. പൾസർ സുനി ഇപ്പോൾ പറഞ്ഞ കാര്യം അതായത് രഹസ്യ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത കാര്യം അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടാകണം.
അങ്ങനെ കോടതിയിൽ നിൽക്കുന്നൊരു കേസിൻ്റെ വിവരങ്ങൾ ഒന്നാം പ്രതിയായ സുനിയിൽ നിന്നും രഹസ്യമായി ചോർത്തി പരസ്യമാക്കുന്നു. അപ്പോൾ ഇവിടെ ആരാണ് വിധി വരാനിരിക്കെ അതിജീവിതയ്ക്കും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാർത്ത കൊടുത്തത്. ആരാണ്? കാശ് വാങ്ങി കള്ളം കാണിക്കുന്ന സുനി കാശ് കിട്ടിയാൽ പലതും പറയുമെന്നും കമന്റിലൊരാൾ പറയുന്നു.
ദിലീപ് ആണ് നടിയെ ആക്രമിക്കാനുളള കൊട്ടേഷൻ തന്നത് എന്നും ഒന്നരക്കോടിയാണ് വാഗ്ദാനം ചെയ്തത് എന്നും സുനി പറയുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും സുനി വെളിപ്പെടുത്തുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി കൂടിയാണ് അപ്പുണ്ണി. നാദിർഷ ബുദ്ധിപരമായി കൈകഴുകിയെന്ന് പൾസർ സുനി പറഞ്ഞു. പുള്ളിക്ക് പേടിയുണ്ട്. ഒന്നും പറയാനും പറ്റുന്നില്ല, തീരുമാനമെടുക്കാനും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് നാദിർഷ നിൽക്കുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പണത്തിനായി വിളിച്ചിരുന്നുവെന്നും പൾസർ സുനി വെളിപ്പെടുത്തി. വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചതെന്നും സുനി പറയുന്നു.
ഇക്കാര്യം താൻ വിജീഷിനോട് പറഞ്ഞു. ആരുടെ കയ്യിൽ നിന്ന് കാശ് കിട്ടിയാലും ഇനി അവരുടെ കാശ് വേണ്ട എന്ന് അവൻ പറഞ്ഞു. നീ അത് വേണ്ടെന്ന് വെച്ചേക്ക് എന്ന് പറഞ്ഞു. അങ്ങനെ വരെ തീരുമാനിച്ചതാണ്. താനും പറഞ്ഞു അങ്ങനെയെങ്കിൽ ആ പണം പോട്ടെ എന്ന്. അന്ന് പുള്ളിയോടുളള ദേഷ്യവും, ഇങ്ങനെ ചെയ്തല്ലോ എന്നുളളതൊക്കെ കൂടി വന്ന് ഭ്രാന്ത് പിടിച്ചു. നമുക്ക് കോടതിയിൽ പറയാം എന്നൊക്കെ വിജീഷ് പറഞ്ഞു.
അങ്ങനെ ഇരിക്കുമ്പോഴാണ് അന്വേഷണത്തിലൂടെ ഓരോന്ന് ചികഞ്ഞ് ചികഞ്ഞ് പുറത്തേക്ക് വരുന്നത്. പിന്നെ ഞങ്ങൾ പിടിച്ച് നിൽക്കാൻ നോക്കിയില്ല. തന്നോട് പോലീസ് പലതവണ ചോദിച്ചിട്ടുണ്ട്, ഇതിന് പിന്നിൽ അയാളല്ലേ എന്ന്. അപ്പോഴൊക്കെ, ഏയ് അയാളോ എന്ന് പറഞ്ഞ് താൻ ഒഴിവാക്കി വിട്ടതാണ്. ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചൊക്കെ ചോദിക്കും. അതൊക്കെ കഴിഞ്ഞിട്ടാണ് ഈ ചതി പറ്റിയത്. അതിന് ശേഷമാണ് ആ കത്ത് വരെ എഴുതിയത്.
ഒരു വാക്ക് നമ്മുടെ കയ്യിൽ നിന്ന് കിട്ടാൻ പോലീസ് ശ്രമിക്കുമ്പോഴും അയാളെ അത്ര സേഫ് ആക്കി. പോലീസ് ഇടിച്ചിട്ടും പറഞ്ഞില്ല. അങ്ങോട്ടും ഇങ്ങോട്ടും നിസ്സാര കാര്യം പറഞ്ഞ് അപ്പുണ്ണിയുമായി തെറ്റിയതാണ്. നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ ചെയ്യ്, ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു. കുറച്ച് നിങ്ങൾ കാത്തിരിക്ക്, നിങ്ങൾ ഇറങ്ങിയിട്ട് നോക്കാം എന്നൊക്കെ പറഞ്ഞാൽ മതിയായിരുന്നു. നമുക്ക് ഒന്നും പറഞ്ഞ് തരാൻ ആരും ഇല്ല.
ഇവരെ അല്ലേ വിളിക്കുന്നുളളൂ. ഇത്രയൊക്കെ ഇവരെ സേഫ് ആക്കിയിട്ടും ഇവർ ഇങ്ങനെ കാണിക്കുമ്പോൾ നമ്മുടെ മനസ്സ് മാറിപ്പോകില്ലേ. അപ്പുണ്ണി സംസാരിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത് ഇരിക്കുന്നുണ്ടാകും. അല്ലാതെ സ്വന്തം തീരുമാനം പ്രകാരം അപ്പുണ്ണി അങ്ങനെ പറയില്ല. അപ്പുണ്ണിയുടെ കയ്യിൽ 2 ഫോൺ ഉണ്ടെങ്കിൽ ഒന്ന് ദിലീപേട്ടന്റേത് ആയിരിക്കും. അത് അപ്പുണ്ണിയാണ് മാനേജ് ചെയ്യുന്നത്. അത് മഞ്ജുവിനും അറിയില്ല, കാവ്യയ്ക്കും അറിയില്ലെന്നും പൾസർ സുനി പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.
