News
മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല; രാഷ്ട്രപതിയ്ക്ക് കത്തയച്ച് അതിജീവിത
മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല; രാഷ്ട്രപതിയ്ക്ക് കത്തയച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ അനധികൃതമായി മെമ്മറികാർഡ് തുറന്ന് പറിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടായില്ല. മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
മുൻപും കേസിലെ അതൃപ്തി അറിയിച്ച് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. 2022 ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന റിപ്പോർട്ടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ അതിജീവിത ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും കത്തിൻ്റെ പകർപ്പ് അയച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. കേസിലെ അന്തിമവാദം നാളെയാണ് തുടങ്ങുക. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടേക്കും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം അനുവദിച്ചിരുന്നു. ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു.
ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എന്നാൽ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2017 ഫെബ്രുവരി 17 ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീ ഡിപ്പിച്ച് ആക്രമണം മുഴുവൻ ചിത്രീകരിച്ചു. തുടർന്ന് പൾസർ സുനിയെ നടി തിരിച്ചറിഞ്ഞു. 2017 ജൂണിൽ ദിലീപിനെയും സംവിധായകനായ സുഹൃത്ത് നാദിർഷയെയും അന്വേഷണ സംഘം 13 മണിക്കൂർ ചോദ്യം ചെയ്തു. അതേ വർഷം ജൂൺ 19 ന് ദിലീപിനെ അറസ്റ്റ് ചെയ്ത് ആലുവ സബ്ജയിലിലാക്കി. പലതവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷം 2017 ഒക്ടോബർ 3ന് നടന് ജാമ്യം ലഭിച്ചു.