Malayalam
ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു, എയര്‍ഹോസ്റ്റസിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല; പരാതിയുമായി മലയാളി നടി രംഗത്ത്
ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു, എയര്‍ഹോസ്റ്റസിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല; പരാതിയുമായി മലയാളി നടി രംഗത്ത്
പലപ്പോഴും ആരാധകരുടെ അതിരു കടന്ന സ്നേഹപ്രകടനത്തില്‍ വീര്‍പ്പു മുട്ടുന്നവരാണ് താരങ്ങള്‍. നടന്മാരായാലും നടിമാരായാലും ഒരേ അവസ്ഥ തന്നെ. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള തങ്ങളുടെ പ്രിയ താരങ്ങളെ നേരില്‍ കാണുമ്പോള്‍ ഒരു സെല്‍ഫിയെടുക്കാനും ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാനും എന്നതിനുമപ്പുറത്തേയ്ക്ക് അത് കടക്കുമ്പോള്‍ പലതാരങ്ങളും അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ വളരെ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. മലയാള താരങ്ങള്‍ മാത്രമല്ല, ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ക്ക് വരെ ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ ആരാധനയോടെ അല്ലാതെ മറ്റൊരു രീതിയില്‍ മലയാളത്തിലെ പ്രമുഖയായ യുവ നടിയ്ക്ക് നേരിടേണ്ടി വന്ന അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സുരക്ഷയെ മാനിച്ച് മിക്ക നടീനടന്മാരും യാത്ര ചെയ്യുന്നത് വിമാനത്തിലാണ്. ഒറ്റയ്ക്കാകും ഇവര്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. എന്നാല്‍ അവിടെയും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നത് സിനിമാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്.
വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ യുവ നടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്. സഹയാത്രികനെതിരെ ഇവര്‍ പോലീസില്‍ പരാതിയും നല്കി. മദ്യലഹരിയിലാണ് ഇയാള്‍ മോശമായി പെരുമാറിയതെന്നും എന്നാല്‍ സംഭവത്തില്‍ വിമാനത്തിലെ കാബിന് ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു.
പോലീസില്‍ പരാതി നല്‍കിയത് ഉള്‍പ്പെടെ തനിക്ക് ഉണ്ടായ മോശം അനുഭവം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ആരോപണവിധേയനായ സഹയാത്രികനും താനും തമ്മില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാള്‍ തന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.
വിമാനം ഇറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് പോലീസില്‍ പരാതി നല്‍കാനും ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങിയ ശേഷമാണ് താന്‍ പരാതി നല്‍കിയതെന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി വിശദീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ കുറിപ്പ് വായിക്കാം,
‘ഒക്ടോബര്‍ പത്തിന് വൈകിട്ട് 5.20ന് മുംബൈയില്‍ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയില്‍ എത്തിച്ചേരുന്ന AI 681 എന്ന വിമാനത്തില്‍ വെച്ച് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സംഭവം.സഹയാത്രികന് ആദ്യം 12സി എന്ന സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. പിന്നാലെ എന്റെ അടുത്തുള്ള 12ബി എന്ന സീറ്റിലേക്ക് ഇരുന്നു. തുടര്‍ന്ന് യാതൊരു ലോജിക്കുമില്ലാത്ത സംസാരത്തിലേക്ക് കടന്നു. സീറ്റിനെ കുറിച്ചായിരുന്നു സംസാരം.
തുടര്‍ന്ന് മോശമായി പെരുമാറുകയും ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്തു. എയര്‍ഹോസ്റ്റസിനോട് സംസാരിച്ചപ്പോള്‍ എന്നെ മൂന്നാല് സീറ്റ് മുന്നിലേക്ക് മാറ്റിയിരുത്തുക മാത്രമാണ് അവര്‍ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിമാനം ഇറങ്ങിയപ്പോള്‍ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് സ്റ്റാഫിനോട് ഞാന്‍ കാര്യം അറിയിച്ചു. അവര്‍ എന്നോട് പോലീസിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. പോലീസിന് പരാതി നല്‍കാനുള്ള ഇമെയില്‍ വിലാസവും നല്കി’, നടി പറഞ്ഞു.
ഈ സംഭവം സിനിമാ മേഖലയിലുള്‍പ്പെടെ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ പല നമടിമാര്ക്കും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കുണ്ടായ ഈ അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് നടി പറയുന്നു. സംഭവം ഏറെ വൈറലായതോടെ ഈ നടി ആരാണെന്നാണ് പലരും തിരക്കുന്നത്. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ശ്രദ്ധേയായ യുവനടി ആണിത്. നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നതും.
